Tuesday, 19 July 2016

ലെറ്റ് അസ് പ്ലേ

എത്യോപ്യ യിൽ എത്തി കുറച്ചു നാളെ ആയിട്ടുള്ളൂ. എല്ലാം ഒരു പുതുമയായിരുന്നു. ഞങ്ങൾ യൂണിവേഴ്സിറ്റി അനുവദിച്ച വീടിലേക്ക്‌  മാറിക്കഴിഞ്ഞു . ഞങ്ങളുടെ പുതിയ അയൽക്കാരെയും മറ്റും പരിചയപ്പെട്ടു വരുന്നു. ഇതിനിടയിൽ ഒരുദിവസം ഞങ്ങൾ ഒരു ചെറിയ സൗഹൃദ സംഗമം  സംഘടിപ്പിച്ചു. നമ്മുടെ തൊട്ടടുത്തു താമസിക്കുന്ന ഗസാഹുനെയും കുടുംബത്തെയും ഒപ്പം Dr  സൽമാനെയും ഭാര്യ Dr ആയിഷയെയും നമ്മൾ ക്ഷണിച്ചിരുന്നു. ഗസാഹുൻ കുടുംബത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. മൂത്തയാൾ പതിനേഴുകാരൻ ഇയാസു, രണ്ടാമൻ എട്ടിൽ പഠിക്കുന്ന നാഹൂം മൂന്നാമത്തെയാൾ അന്നാനി  എന്ന കൊച്ചു പെൺകുട്ടിയും.

 അതിഥി കളെല്ലാം വന്നു. ക്ഷേമാന്വേഷണങ്ങൾ എല്ലാം അതിന്റെ മുറക്ക് നടന്നു.ആഹാരം കഴിച്ചു. നമ്മുടെ ദോശയ്ക്ക് മറ്റു രാജ്യക്കാർക്കിടയിൽ പ്രത്യേകിച്ചു  എത്യോപ്യ യിൽ നല്ല ഡിമാൻഡ് ആണ്.അവരുടെ ഇഞ്ചേര എന്ന ഒരിനം അപ്പവുമായി വളരെ യേറെ രൂപസാദൃശ്യം ഉള്ള ഭക്ഷണമത്രേ ദോശ. ആയതിനാൽ തന്നെ ദോശയും ചിക്കൻ കറിയുമടങ്ങിയ ആഹാരം അവരെല്ലാം ആസ്വദിച്ചു.

ഭക്ഷണമെല്ലാം കഴിഞ്ഞു വീണ്ടും കൊച്ചു വർത്തമാനങ്ങൾ ആരംഭിച്ചു. ഇതിനിടയിൽ നാഹൂം അവന്റെ അനുജത്തിയുമായി പുറത്തിറങ്ങി കളിക്കുവാൻ തുടങ്ങിയിരുന്നു.കുറേനേരം അതുനോക്കിയിരുന്നിട്ടു ഇയാസു  നമ്മുടെ  അയിഷാമാഡത്തിന്റെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു. 'Dr  ആയിഷ വൈ യൂ ആർ സോ സൈലൻറ്?' കം ലെറ്റ്‌ അസ്  പ്ലേ  ആയിഷ'....

'നതിങ് ഐ ആം സിംപ്ലി  വാച്ചിങ് യൂർ സിബ്ലിങ്‌സ്. ദേ  ആർ  സ്മാർട്ടലി പ്ലേയിങ്'.

 ഇയാസു വിടുന്ന മട്ടില്ല.  'കം ലേറ്റ് അസ് പ്ലേ'...അവൻ ആവർത്തിച്ചു.

ആയിഷമാഡം ഒന്നു സംശയിച്ചു എല്ലാരേയും ഒന്നു നോക്കി.
രഹസ്യമായി എന്നോടൊരു ചോദ്യം. വാട് പ്ലേ ദിസ് ബോയ് ഈസ് ആസ്കിങ് മീ ടു ഡു? എനിക്കും എന്തു പറയണമെന്ന  ഒരു ധാരണ  കിട്ടിയില്ല. എങ്കിലും അറുപതുകളിലെത്തി നിൽക്കുന്ന  മാഡവും ആ പതിനേഴുകാരനും കൂടി
 മുറ്റത്തോടി കളിക്കുന്നത് ഉള്ളിൽ സങ്കൽപ്പിച്  ഊറിച്ചിരിച്ചുകൊണ്ടു  മാഡത്തിനെ രക്ഷിക്കാനായി ഞാൻ ഒരു നുണ കാച്ചി.
 'ഇയാസു.....ഷി ഈസ് നോട് ഫീലിംഗ് വെൽ  ......ദാറ്റ്  ഈസ് വൈ,  ഷി ഈസ് സോ സൈലൻറ്'.
'ഓഹ്....... ദൻ ഇറ്റ്സ് ഓകെ....'-ഇയാസു പറഞ്ഞു.
അതവിടെ കഴിഞ്ഞു.......................................................................................

 കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളെ ബയോളജി വകുപ്പിലെ മേധാവിയായ Mr ഗെഡയുടെ വീട്ടിലേക്ക് ക്ഷണിച്ചു. ശനിയാഴ്ച ഏതാണ്ട് പതിനൊന്നു മണിയോടെ ഞാനും കുമാറും ഒപ്പം സൽമാൻ സാറും ആയിഷ മാഡവും ഗെഡ യുടെ   വീട്ടിലെത്തി.
 നല്ല ഒന്നാന്തരം മട്ടൺ, എത്യോപ്യൻ രീതിയിൽ പാചകം ചെയ്യുന്നുണ്ട്. വീടിനു മുറ്റത്തു ഒരറ്റത്തായി വലിയൊരടുപ്പു കൂട്ടി അതിൽ നമ്മുടെ ദോശക്കല്ലിന്റെ നാലഞ്ചിരട്ടി വരുന്ന വലിയൊരു പാത്രം വച്ചു ചൂടാക്കി അതിൽ ആദ്യം ആടുമാംസത്തിലെ കൊഴുപ്പു ചെറുതായി നുറുക്കിയിടും. അതിൽനിന്നും കൊഴുപ്പ് ഊറി ഇറങ്ങുന്നതിലേക്ക് ഉള്ളി, പച്ചമുളക്, തക്കാളി, മാംസക്കഷണങ്ങൾ, വലിയ എല്ലിൻ കഷണങ്ങൾ എന്നിവ ചേർത്തു് വളരെ നേരം ഇളക്കിക്കൊണ്ടിരിക്കും. നമ്മുടെ രീതിപോലെ മറ്റു എണ്ണകൾ അവർ ഈ പാചകത്തിൽ ഉപയോഗിക്കില്ല.

കുടുംബാംഗങ്ങൾ എല്ലാരും ഒത്തുചേർന്നു വളരെ സന്തോഷത്തോടെയാണ് പാചകം. കൊച്ചുകുട്ടികൾ വളരെ സന്തോഷത്തോടെ ഓടിക്കളിച്ചുകൊണ്ടു നിന്നിരുന്നു.നമുക്കുള്ള സീറ്റുകളും അടുപ്പിനടുത്തായി ഒരറ്റത്ത് ഒരുക്കിയിട്ടുണ്ട്.സാറിന്റെ ഭാര്യ ഫ്രിയോത് വളരെ നന്നായി പാചകം ചെയ്യും എന്ന് ഞാൻ മുൻപേ കേട്ടിരുന്നു. Mr ഗെഡ കുറച്ചു വിറകൊക്കെ  ഒന്നു  അടുപ്പിലേക്ക് നീക്കി വച്ചശേഷം മട്ടൺ കഷണങ്ങൾ വളരെ ആത്മാർത്ഥമായി രണ്ടുമൂന്നു തവണ ഇളക്കി. തന്റെ ഉത്തരവാദിത്ത്വം കഴിഞ്ഞു എന്ന മട്ടിൽ നമ്മൾ ഇരിക്കുന്നിടത്തേക്കു വന്നു.

ഹായ് എവെരിബോഡി  ഹൗ ർ യൂ?
'Dr അഖിലാ വൈ ക്യാൻട് വി പ്ലേ?. കമോൺ ലറ്റ് അസ് പ്ലേ' 
കഴിഞ്ഞ ദിവസം ആയിഷ മാഡം അമ്പരന്ന പോലെ ഇന്ന് ഞാൻ അമ്പരന്നിരുന്നു.
ഈ മനുഷ്യൻ......വകുപ്പ് മേധാവിയായ ഇദ്ദേഹം എന്തു കളിക്കാനാണ് പുതിയ സഹപ്രവർത്തകയായ എന്നോട് പറയുന്നത് പൊന്നുതമ്പുരാനെ.......എന്ന  ഒരു ചിന്ത എന്റെ മനസ്സിലൂടെ ഇതിനിടയിൽ പാഞ്ഞുപോയി.
ഞാൻ കാര്യം പിടികിട്ടിയില്ലെങ്കിലും അങ്ങും ഇങ്ങും തൊടാതെ 'ഇട്സ് ഓകെ സാർ' എന്നോ മറ്റോ പറഞ്ഞൊപ്പിച്ചു. അതിനിടയിൽ സൽമാൻ സാർ  എത്യോപ്യൻ ആഹാര സംസ്കാരത്തെ പ്പറ്റി എന്തോ ചോദ്യം ഉയർത്തി.അതിൽ ആകൃഷ്ടനായ നമ്മുടെ വകുപ്പ് മേധാവി അവിടുത്തെ ആഹാര രീതികളെ പ്പറ്റി വിശദമായ ഒരു വിവരണം തന്നെ നൽകി.

ഇതിനിടയിൽ ആ അന്തരീക്ഷത്തിനു കുറച്ചു എത്യോപ്യൻ  സംഗീതം ഇണങ്ങുമെന്നു കുടുംബാംഗങ്ങളിലാരോ  പറയുകയും സാറിന്റെ മൂത്ത മകൻ ഒരു ടേപ്പ് റിക്കോർഡറുമായി അവിടേക്കു വരി കയും ചെയ്തു. അടുത്തു കണ്ട പ്ലഗ്ഗിലേക്ക് അതു കണക്ട് ചെയ്ത ശേഷം    ടേപ്പ് റിക്കോർഡറിന്റെ മുകളിലായുള്ള  സ്വിച്ചിൽ സാർ ഒന്നു അമർത്തി. അതിൽനിന്നും സംസാര ശകലങ്ങളും ഒപ്പം എത്യോപ്യൻ  സംഗീതവും ഒഴുകിപ്പരന്നു.
എന്റെ കണ്ണുകൾ   താഴ്ന്നു നിൽക്കുന്ന ആ സ്വിച്ചിൽ പലയാവർത്തി തറച്ചു.
അതിൽ 'പ്ലേ' എന്നെഴുതിയിരി ക്കുന്നു.

ചുരുക്കത്തിൽ 'നമുക്ക് സംസാരിക്കാം' എന്നാണ് പ്ലേ കൊണ്ട് എത്യോപ്യക്കാർ ഉദ്ദേശിക്കുന്നത് അല്ലാതെ 'വരൂ നമുക്ക് ചാടി മറിയാം' എന്നല്ല എന്ന് എനിക്കു അക്ഷരാർത്ഥത്തിൽ ഈ സംഭവത്തോടെ മനസിലായിയെന്ന്  വളരെ ജാള്യതയോടെ പറഞ്ഞു കൊള്ളട്ടെ. 

Tuesday, 28 June 2016

ഒരു ലാലിബെല യാത്ര

ലാലിബെല പള്ളികളിൽ ഒരെണ്ണം 


ഞങ്ങൾ  ലാലിബെല പള്ളിയ്ക്കുള്ളിൽ 
ലാലിബെലയിലെ ഭക്തർ ഒരു ആഘോഷ വേളയിൽ (കടപ്പാട് ഗൂഗിൾ) 
എത്യോപ്യ യിൽ ചെലവഴിച്ച നാളുകളിൽ ഫെബ്രുവരി മാസം ഇരുപതു ദിവസം സർവകലാശാല യിൽ സെമസ്റ്റർ ബ്രേക്ക് ഉണ്ടാകാറുണ്ട്. എത്യോപ്യ പോലെ ഒരു രാജ്യത്തെ അടുത്തറിയാനായുള്ള യാത്രകൾക്കായാണ് ഞാനും കുമാറും ഈ സമയം ഉപയോഗിച്ചത്. ഏതാണ്ട് 5000 കിലോമീറ്റർ എങ്കിലും പലപ്പോഴായി റോഡ് മാർഗം നമ്മൾ ഇത്തരം യാത്രകളിൽ താണ്ടിയിട്ടുണ്ട്. എല്ലാ യാത്രകളിലും നമുക്കൊപ്പം ഉണ്ടായിരുന്ന  ഉത്തരേന്ത്യൻ ദമ്പതികളായ Dr. രാഹുലും  Dr. റാണിയും നമ്മുടെ യാത്രകളെ അവരുടെ സാന്നിധ്യവും സഹകരണ മനോഭാവവും കൊണ്ട് മികവുറ്റ അനുഭവങ്ങളാക്കി. എത്യോപ്യയുടെ  സാംസ്കാരിക  തലസ്ഥാനമായിരുന്ന ഗോണ്ടർ പട്ടണം, നൈൽ നദിയുടെ പ്രഭവ സ്ഥാനമായ ടാന തടാകവും ബ്ലൂ നൈൽ വെള്ളച്ചാട്ടവും, ബഹിർദാർ പട്ടണം, കൊച്ചിയിലെ മറൈൻ ഡ്രൈവിന് സമാനമായ ഹവാസ തടാക തീരം, ലംഗാനോ ജിയോതെർമൽ പവർ സ്റ്റേഷൻ, ബാലെ ദേശീയോദ്യാനം, മെൽകാംകുണ്ടുറെ  ആർക്കിയോളജി സൈറ്റ്,  എട്ടിന്റെ ആകൃതിയിലുള്ള അഗ്നിപർവതജന്യ തടാകമായ ഡെൻഡി, മരതക കുന്നിൻമുകളിലെ നീലരത്നം ആയി അറിയപ്പെടുന്ന വെഞ്ചി അഗ്നിപർവത ജന്യ തടാകം, ചിലിമോ വനപ്രദേശം,ലോകത്തെ അപൂർവയിനം സസ്യ ജന്തു വർഗങ്ങളുടെ വിളനിലമായ സിമിയൻ ദേശീയോദ്യാനം, തലസ്ഥാന നഗരിയായ ആഡിസ് അബാബയിലെ പ്രധാന സ്ഥലങ്ങൾ,  തുടങ്ങി ഒട്ടനവധി സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു.

ഇതിനിടയിലാണ് ഒരു യാത്ര ഞങ്ങൾ ലാലിബെല പള്ളികളിലേക്ക് തീരുമാനിച്ചത്. ഒറ്റ ചെങ്കൽ പാറ  ചെത്തി മിനുക്കിയുണ്ടാക്കിയ പതിനൊന്നു മനോഹരമായ  പള്ളികളുടെ ഒരു സമുച്ചയമാണ് ലാലിബെല. പതിനൊന്നും തമ്മിൽ തുരങ്കങ്ങളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്.പതിമൂന്നാം നൂറ്റാണ്ടിൽ 'പുതിയ ജെറുസലേം' എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത്. ലോക പൈതൃകസ്ഥാന  പട്ടികയിൽ 1978 ൽ ത്തന്നെ ഇടം പിടിച്ചതും  എത്യോപ്യൻ ക്രിസ്തു മതത്തിന്റെ ഒരു ആസ്ഥാനവും  കൂടിയാണ് ലാലിബെല പ്രദേശം. നമ്മൾ താമസിക്കുന്ന അംബോയിൽ നിന്നും 850 കിലോമീറ്റർ ദൂരം ആണ് ലാലിബെലയ്ക്കുള്ളത്. അതായത് റോഡുമാർഗം ഏതാണ്ട് 14 മണിക്കൂർ യാത്ര ആവശ്യമാണ്.

നമ്മുടെ സുഹൃത്തുക്കളിൽ നിന്നും ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലായിരുന്നതിനാൽ ലാലിബെല യിൽ എന്തു ത്യാഗം സഹിച്ചും പോയിരിക്കും എന്നു ഞങ്ങൾ നാലു പേരും ദൃഢപ്രതിഞ്ജ യെടുത്തു. ലാലി ബെല വഴി പോയി ബഹിർദാറിൽ ബ്ലൂ നൈലിന്റെ ഉത്ഭവവും കണ്ടു മടങ്ങാം എന്നതാണ് പ്ലാൻ. അങ്ങനെ നമ്മളുടെ യാത്ര ആരംഭിച്ചു.പച്ചപ്പ്‌ നിറഞ്ഞ ടെഫ്‌  കരിമ്പിൻ  പാടങ്ങളുംമറ്റു കൃഷിയിടങ്ങളും താണ്ടി നമ്മുടെ മിനിവാൻ അങ്ങനെ കുതിച്ചു പൊയ്ക്കൊണ്ടിരുന്നു. നീണ്ട കയറ്റിറക്കങ്ങൾ താണ്ടി പോകവേ റോഡ് ഒരു നേർത്ത റിബൺ പോലെ കിലോമീറ്ററുകളോളം നമുക്ക് മുന്നിൽ കാണാൻ കഴിയും. യാത്ര ചെയ്യാനുള്ള ആവേശവും  ഇഷ്ടസുഹൃത്തുക്കളുടെ ഒപ്പം യാത്ര ചെയ്യുന്നതിന്റെ ഉത്സാഹവും നമ്മിൽ പ്രകടമായിരുന്നു.

അങ്ങനെ ഒടുവിൽ ഒരുനീണ്ട യാത്ര അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നു. റോഡിൽ ലാലിബെല എന്ന ബോർഡ് ഇടറോഡിലേക്കു ചൂണ്ടി നിൽപ്പുണ്ട്. നമ്മുടെ വാഹനം ഇടറോഡിലേക്കു തിരിഞ്ഞു.  റോഡ് വല്ലാതെ മോശമായിരിക്കുന്നു.ഡ്രൈവർ അത്ര സന്തോഷവാനല്ല. പക്ഷെ നമുക്ക് ലാലിബെല കാണുക തന്നെ വേണം. വണ്ടി അങ്ങനെ ചെമ്മണ്ണ് പറപ്പിച്ചുകൊണ്ടു ആടിയുലഞ്ഞു മുന്നോട്ട് നീങ്ങി. ഏതാണ്ട് വൈകിട്ടോടു കൂടി ലാലിബെല യിലെത്തിയ ഞങ്ങൾ എത്രയും വേഗം  ഒരു ഹോട്ടലിൽ മുറിയെല്ലാം തരപ്പെടുത്തി,, ആഹാരവും കഴിച്ചു ഉറക്കം പിടിച്ചു. നാലുപേരും നന്നേ ക്ഷീണിച്ചിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ.

പിറ്റേന്നു രാവിലെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞു അതിരാവിലെ തന്നെ ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി. നമ്മളെക്കൂടാതെ പല രാജ്യക്കാരായ ഒട്ടനവധി പേർ ക്യുവിൽ  നിൽപ്പുണ്ട്.  നമ്മൾ നാലും നമ്മുടെ താത്കാലിക റെസിഡന്റ് പെർമിറ്റും (പച്ച കളറുള്ള ഒരു ലാമിനേറ്റഡ് ഐഡി കാർഡാണിത്) കൈയിൽ പിടിച്ചാണ് നിൽപ്പ്. ഒടുവിൽ നമ്മുടെ ഊഴം ആയി. സാധാരണ എല്ലാ ടൂറിസ്ററ് സൈറ്റിലും ഈ കാർഡ് കാണിച്ചാൽ പത്തോ ഇരുപതോ ബിർ അതായത് ഇന്ത്യയിലെ മുപ്പതോ അറുപതോ രൂപക്ക് തുല്യം  ആയിരിക്കുംപ്രവേശനത്തിനു കൊടുക്കേണ്ടി വരിക. പക്ഷേ ലാലിബെലയിൽ രണ്ടു ദിവസം മുൻപ്  പ്രവേശന നിരക്കുകളിൽ വൻ ഭേദഗതി നിലവിൽ വന്നത്രേ. പച്ച കാർഡുള്ളവരെയും  വിദേശി കൾക്ക് തുല്യമായി മാത്രമേ പൗരോഹിത്യ സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള ലാലിബെല ഭരണസമിതി കാണുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ നമ്മൾ ഓരോരുത്തരും 50 അമേരിക്കൻ ഡോളർ അതായത് അന്ന് ഏതാണ്ട് 3000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുക പ്രവേശന തുകയായി നൽകണം. ഇതുകേട്ട നമ്മൾ എല്ലാരും ഞെട്ടി. അത്രയും വലിയ തുക ചെലവാക്കിയാൽ അതു യാത്രയുടെ ബാക്കി പകുതിയെ വളരെ സാരമായ സാമ്പത്തിക ബുദ്ധിമുട്ടിലാക്കും. ഞങ്ങൾ പോയിട്ടുള്ള മറ്റെല്ലാ സ്ഥലങ്ങളിലും ഗ്രീൻകാർഡിനു വിദേശികൾക്കും സ്വദേശികൾക്കും ഈടാക്കുന്നതിന് ഇടയിലുള്ള ഒരു ആവറേജ് ചാർജ് ആണ് ഈടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരു തിരിച്ചടി നമ്മൾ തീരെ പ്രതീക്ഷിച്ചില്ല. Dr. രാഹുൽ കൗണ്ടറിൽ ഇരുന്ന ആളോട് നമ്മൾ സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളുടെ ഒരു നീണ്ട ലിസ്റ്റും അവിടെ ഗ്രീൻ കാർഡിന് അവർ ചാർജ് ചെയ്ത ഇളവ് തുകകളും മറ്റും ഒന്നു വിശദീകരിച്ചു. അതിഷ്ടപ്പെടാത്ത കൗണ്ടറിലെ ആൾ പറഞ്ഞു.

 "പ്ളീസ് ഡോൺഡ് ആർഗ്യു  വിത് മീ...... ഐ ആം ഹെൽപ്‌ലെസ്സ്...... ആൻഡ് ദിസ് ഈസ്  ദ ഓർഡർ ഐ ഗോട്ട് ഫ്രം മൈ ബോസ്സ്..... പ്ളീസ് അണ്ടർസ്റ്റാൻഡ്".
അതോടെ Dr. രാഹുൽ ക്യുവിൽ നിന്നും മെല്ലെ വെളിയിലേക്കു വന്നു. നമ്മൾ മൂന്നു പേരും അതിനു മുൻപേ വെളിയിലേക്കു വന്നു കഴിഞ്ഞിരുന്നു. നമ്മുടെ ഈ പരവേശം കണ്ടു നിന്ന കുറച്ചു വെള്ളക്കാർ  നമുക്ക് സമീപത്തായി നിൽപ്പുണ്ടായിരുന്നു. അതിലൊരാൾ നമ്മെ ആശ്വസിപ്പിക്കാനെന്നോണമോ സ്വയം ആശ്വസിക്കാനോ നമ്മോടു വളരെ സൗഹാർദപരമായി എന്നാൽ പൗരോഹിത്യ സമൂഹത്തിന്റെ നടപടിയെ വളരെ പരുഷമായി വിമർശിച്ചുകൊണ്ട് നമ്മോടു പറഞ്ഞു.

 "സീ ദീസ് റിലീജിയസ് പീപ്പിൾ ഡോണ്ട് നോ ഹൗ ടു ട്രീറ്റ്  ഫോറിൻ ടൂറിസ്റ്റ്സ്   ആൻഡ് ദേ ആർ ട്രയിങ് ടു കീപ് പീപ്പിൾ എവേ ഫ്രം ദിസ് ബ്യൂട്ടിഫുൾ സൈറ്റ്..... വി ആർ ആൾസോ ഇൻ സൈം കണ്ടീഷൻ ലൈക്ക് യൂ......... വി ആർ വർക്കിങ് ഹിയർ ഫോർ മെനി ഇയേഴ്സ് ആൻഡ് വി ആർ ഹാവിങ് ഗ്രീൻ കാർഡ്സ് ......................................... ഹൗ എ  വിസിറ്റർ വിൽ പെ ദിസ് മ ച് ഹ്യൂജ് എമൗണ്ട് ആസ് എൻട്രൻസ് ഫീ?...."

എന്തായാലും നമുക്ക് കുറച്ചു ആശ്വാസം തോന്നി കാരണം തുല്യ ദുഖിതർ വേറെയുമുണ്ടല്ലോ. ഇരുപതോ മുപ്പതോ പേർ വരുന്നതിൽ ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് ടിക്കറ്റ് എടുക്കുന്നത്.ബാക്കിയുള്ളവർ പരിസരത്തൊക്കെ ചുറ്റി കറങ്ങി നടപ്പാണ്.ഇനിയെന്ത് എന്നൊരു ചോദ്യം നമ്മുടെ നാലുപേരുടെയും ഉള്ളിൽ ഉയർന്നത് അപ്പോഴാണ്. നമ്മുടെ യാത്രാപരിപാടി അനുസരിച്ചു അന്ന് ലാലിബെലയിൽ    തങ്ങിയേ പറ്റൂ. ടിക്കറ്റ് എടുക്കാൻ നിർവാഹമില്ല എന്നാൽ ലാലിബെല കാണാതെ തരവുമില്ല എന്നൊരു അവസ്ഥയിലായി നമ്മൾ. എന്തായാലും ടിക്കറ്റില്ലാതെ ഒരുശ്രമം നടത്താം എന്നു തീരുമാനിച്ചു. കുറച്ചുനേരം കൂടി ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു നിന്ന ശേഷം നമ്മൾ പതുക്കെ പുറത്തിറങ്ങി ഒരു പ്രദക്ഷിണം വച്ചു. പല പല വഴികളിലൂടെ സന്യാസ സമൂഹം ഉൾപ്പെടെയുള്ളവർ അകത്തേക്കും പുറത്തേക്കും പൊയ്ക്കൊണ്ടിരുന്നു. കൂട്ടത്തിൽ തിരക്കൊഴിഞ്ഞ ഒരു ചെറുതുരങ്കവഴിയിലായി നമ്മുടെ ശ്രദ്ധ. നമ്മൾ പതുക്കെ അതിലൂടെ അകത്തേക്ക് കയറി. ഒറ്റചെങ്കല്ലിൽ  നിർമ്മിതമായ അതിമനോഹരമായ ഒരു പള്ളി സമുച്ചയം നമ്മുടെ മുന്നിൽ അനാവൃതമായി നിന്നു.
നമ്മൾ വളരെ അത്ഭുതത്തോടെ കുറച്ചു നേരം അതു നോക്കി നിന്നു. വാസ്തുശില്പകലയുടെ ഒരു മകുടോദാഹരണമാണ് ലാലിബെല പള്ളി സമുച്ചയം എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ. ചെങ്കല്ലിന്റെ ശോഭയിലും ഉറപ്പിലും പണിത ചെറു കിളിവാതിലുകളും വലിയ പുറംവാതിലുകളും നടുത്തളങ്ങളും നിറഞ്ഞ  വിസ്മയകരമായ ഒരു നിർമ്മിതി....... അവിടെ നടന്നു നീങ്ങുന്ന പ്രത്യേക വേഷം ധരിച്ച പുരോഹിതന്മാർ.... വെള്ള വേഷം ധരിച്ചു തറയിൽ നമ്രശിരസ്കരായി ഇരുന്നു പ്രാർത്ഥിക്കുന്ന വിശേഷിച്ചും പ്രായം ചെന്ന ഭക്തർ....... പ്രത്യക രീതിയിലെ കൊത്തളങ്ങൾ ....... ഉള്ളിൽ അത്ഭുതവും ചെറു ഭയവും ഒരുമിച്ചു പൊങ്ങി വന്ന നിമിഷങ്ങളായിരുന്നു അത് . ചെറുഭയം ഞാൻ പറയാതെ തന്നെ നിങ്ങൾക്കു മനസിലായിരിക്കുമല്ലോ...അതേ............ അതു തന്നെ............... ടിക്കറ്റില്ലാതെ ഒരു അന്യഭൂഖണ്ഡത്തിൽ..... അന്യ രാജ്യത്ത്.....അതും ശിക്ഷാവിധികൾ നമ്മുടേതിൽ നിന്നും തുലോം വ്യത്യസ്‌തമായ ഒരു ഭൂപ്രദേശത്തിന്റെ നിയമങ്ങൾ കാറ്റിൽ പറത്തി നിന്നാണ് നാം വിസ്മയം ആസ്വദിക്കുന്നത്.........................
 ആ തിരിച്ചറിവിൽ അവിടെ നിന്നു പുറംതിരിയാനാരംഭിച്ച ഞാൻ എവിടെയോ കണ്ട ഒരു പരിചിത മുഖം കണ്ട് ഒന്നു തിരിഞ്ഞു നോക്കി.  ക്യാമറയും പിടിച്ചു് എന്നെ കടന്നു പള്ളിക്കു പുറത്തേക്കു പോകുന്ന അയാൾഎന്നെ കണ്ടതും പരിചയ ഭാവത്തിൽ ഒരു ചെറുചിരിയും ഒപ്പം 'വൗ .......യൂ ആർ ആൾസോ ഹിയർ....... 'എന്നൊരു ചോദ്യവും......
 ആളു മനസിലായോ?...... നേരത്തെ നമ്മോടു സൗഹൃദത്തിൽ സംസാരിച്ച അതേ വെള്ളക്കാരൻ!!!!!!!!!!!!!!!!!.
നോക്കണേ മനുഷ്യരെ ടിക്കറ്റില്ലാതെ ഓരോരോ കൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഓരോരോ ഭരണകൂടങ്ങൾ.ഞാൻ മനസ്സിൽ വിചാരിച്ചുകൊണ്ട് വേഗം വെളിയിലേക്കു നടന്നു.ഒപ്പം  ഇതൊന്നും അറിയാത്ത ജീസസ് ക്രൈസ്റ്റിനെ  മനസ്സാസ്മരിച്ചു. ദൈവത്തെക്കാൾ വലിയ പുരോഹിതരായാൽ ഇതാണ് സംഭവിക്കുക എന്നു എനിക്കു വെളിവായ ഒരു ചെറു സംഭവമായി ഇപ്പറഞ്ഞത്.

Wednesday, 1 June 2016

ഖാറ്റ് ഇലയും ഇന്ത്യനും

ഖാറ്റ് ഇല ക്കെട്ടുമായി  ഒരു എത്യോപ്യൻ യുവാവ് (കടപ്പാട് ഗൂഗിൾ)
ഫെബ്രുവരി മാസം 2011. അമ്പോ സർവകലാശാലയിൽ ഒരു അന്താരാഷ്ട്ര പരിസ്ഥിതി സെമിനാർ നടക്കുന്നു. എത്യോപ്യൻ  പ്രസിഡന്റ്‌ ആണ് സെമിനാർ ഉദ്ഖാടനം ചെയ്തത്.ഒട്ടനവധി രാജ്യങ്ങളിൽ നിന്ന് വിഷയ നിപുണർ എത്തിയിട്ടുണ്ട്.
 ഇന്ത്യയിൽ നിന്നും പതിനഞ്ചോളം പേർ എത്തിയിട്ടുള്ളതിൽ നമ്മുടെ മൂന്നു സുഹൃത്തുക്കളും ഉണ്ട്. സെമിനാർ അവസാനിച്ച ദിവസം നമ്മൾ സുഹൃത്തുക്കൾക്ക് ഒരു ഉച്ചയൂണ് നൽകുകയുണ്ടായി. അതിനുശേഷം നമ്മളെല്ലാവരും കൂടി നടന്നു സർവകലാശാലയിലേക്ക് പോകുകയാണ്.

വഴിയോര കടകളിലെല്ലാം 'ഖാറ്റ്' എന്നറിയപ്പെടുന്ന പച്ചില കച്ചവടം തകൃതിയായി നടക്കുന്നു.  നാഡീ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരിലയാണ് ഖാറ്റ് അഥവാ 'Catha edulis' എന്ന സെലസ്റ്റ്രസിയെ കുടുംബാംഗം.  എത്യോപ്യൻ സംസ്കാരവുമായി ഇഴപിരിക്കാനാവാതെ ചേർന്നിരിക്കുന്ന ഒരു കാര്യമാണ് 'ഖാറ്റ് ഇല ചവക്കൽ' എന്നത്.'ഖാറ്റ്' കയറ്റുമതിയിലൂടെ  എത്യോപ്യ ക്ക് നല്ല രീതിയിൽ വിദേശ നാണ്യം ലഭിക്കുന്നുമുണ്ട്.ആഴ്ചയിലൊരിക്കൽ അമ്പോ യിലും ഖാറ്റ് കെട്ടുകളുമായി ലോറികൾ എത്തും. സർവകലാശാലയിലെ വിദ്യാർത്ഥി കളിൽ നല്ലൊരു ശതമാനവും രഹസ്യമായി 'ഖാറ്റ്' ഉപയോഗിക്കുന്നവരാണ്. അവർ പറയുന്ന കാരണം ഇത് ഉപയോഗിച്ചാൽ അവർക്ക് പരീക്ഷ യ്ക്കും മറ്റും നല്ല ഓർമ ശക്തി ലഭിക്കുന്നു എന്നതാണ്. എന്നാൽ കാമ്പസിനുള്ളിൽ ഇത് നിരോധിച്ചിട്ടുമുണ്ട്.

പച്ചില കച്ചവടം കണ്ട നമ്മുടെ മലയാളി സുഹൃത്ത്‌, സസ്യശാസ്ത്ര വിദഗ്ദ്ധനായ  Dr. ശ്യാമിന് ആ ഇല കുറച്ചു രുചിച്ചു നോക്കണം എന്നൊരാഗ്രഹം. പൊതുവേ ഇന്ത്യാക്കാരൊന്നും 'ഖാറ്റ്' വാങ്ങാറില്ല.
"ഇത് രുചി നോക്കാതെ നാളെ ഞാൻ എത്യോപ്യ വിടില്ല. ഇൻറർനെറ്റിൽ നിന്നും മറ്റും ഞാൻ ഖാറ്റിനെപ്പറ്റി ഒരുപാട് വായിച്ചിരിക്കുന്നു" എന്നെല്ലാം ശ്യാം നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
 അത് വേണോ? കുഴപ്പമായാലോ? എന്നെല്ലാം മറ്റുള്ളവർ ചോദിച്ചെങ്കിലും ശ്യാം വീഴുന്ന മട്ടില്ല. നിർബന്ധം സഹിക്കാതായതോടെ ഞാൻ മെല്ലെ കടയിലേക്ക് കയറി. ഞാൻ  പലപ്പോഴും വഴിയരികിൽ കാണാറുള്ള ഒരു ചെറുപ്പക്കാരനാണ് കടയിൽ നില്ക്കുന്നത്. 60 ബിർ കൊടുത്തു ഞാൻ ഒരു ചെറിയ ഇലക്കെട്ട് വാങ്ങി. കടക്കാരൻ ചെറുചിരിയോടെ, പക്ഷേ വളരെ അതിശയത്തോടെ എന്നെ നോക്കുകയും 'ഓ ഇന്ത്യൻസും ഇത് ഉപയോഗിച്ച് തുടങ്ങിയോ' എന്ന ഒരു ഭാവത്തോടെ  ബാക്കി ബിർ തരികയും ചെയ്തു. കുറച്ചു മാറിനിന്നിരുന്ന ശ്യാം ആകട്ടെ വളരെ സന്തോഷത്തോടെ ആ ഇലക്കെട്ട് കൈയിൽ വാങ്ങുകയും ഉടനെ തന്നെ രണ്ടു മൂന്നില ചവച്ചിറക്കുകയും ചെയ്തു. "ഓ ഒരു വല്ലാത്ത കയ്പ്പാണല്ലോ" എന്ന് പറഞ്ഞു കൊണ്ട് പുള്ളി മുഖം വല്ലാതെ കോട്ടി. ഇല തീറ്റി അവിടം കൊണ്ടവസാനിപ്പിച്ച  ശ്യാം ആ ഇലക്കെട്ടു മുഖത്തോട് ചേർത്ത് പിടിച്ചുകൊണ്ടു തുരുതുരാ കുറെയേറെ സെല്ഫികൾ എടുത്തു. "നിങ്ങൾക്കാർക്കെങ്കിലും ഇത് രുചിക്കണോ? ആർക്കും വേണ്ടേ?" ............ എന്ന ചോദ്യത്തെ തുടർന്ന് അടുത്ത് കണ്ട ഒരു ഓടയിലേക്കു അത് വലിച്ചു ഒരു ഏറു കൊടുത്തു.  പിറ്റേന്ന് രാവിലെ ശ്യാമും മറ്റു സുഹൃത്തുക്കളും ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോയി.

ഈ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ ദിവസം . ഉച്ചക്ക് ശേഷം ബിരുദാനന്ത ബിരുദ കുട്ടികൾക്ക് ഒരു പരീക്ഷ  നടത്തേണ്ടതിനാൽ കുറച്ചു വേഗത്തിൽ വീട്ടിൽ നിന്നും കാമ്പസിലേക്ക്‌ ഞാൻ നടക്കുകയാണ്. എന്നോടൊപ്പം എന്റെ വകുപ്പിലെ  എത്യോപ്യക്കാരി സുഹൃത്തായ മാസ്തവുഷയും ഉണ്ട് . അന്നും ഖാറ്റ് വില്പ്പനയുള്ള ദിവസമാണ്. ഒരു കടയ്ക്കുമുന്നിലൂടെ നടന്നു നീങ്ങുന്ന എന്നെ പൊടുന്നനെ ഒരു ചെറുപ്പക്കാരൻ കടയ്ക്കുള്ളിൽ നിന്ന് കൈകാട്ടി വിളിക്കുന്നു. മറ്റാരെയെങ്കിലും ആവും എന്നു കരുതി ഞാൻ ചുറ്റിലും ഒന്ന് നോക്കി.
ഉടനെ അയാൾ എന്നോട് ഇങ്ങനെ പറഞ്ഞു. "ഐ ആം കാളിംഗ് യു ഒൺലി..... ഡോക്ടർ .... ഫ്രഷ്‌ ആൻഡ്‌ റ്റെയ്സ്ട്ടി ന്യൂ ഖാറ്റ് അവൈലബിൾ........യു ആർ ദി ഒൺലി ഇന്ത്യൻ കസ്റ്റമർ ഫോർ ഖാറ്റ് ഇന് അമ്പോ ടൌൺ..............പ്ലീസ് കം ആൻഡ്‌ ഹാവ് ഇറ്റ്‌".
ഒന്നമ്പരന്ന എനിക്ക് മാസ്തവുഷയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഏതാണെന്ന് മനസിലാക്ക ണം എന്നുണ്ടായിരുന്നു ഒപ്പം എനിക്ക് വേണ്ടിയല്ല കഴിഞ്ഞ ആഴ്ച ഖാറ്റ് ഞാൻ വാങ്ങിയതെന്ന് പറയണമെന്നും ഉണ്ടായിരുന്നു. പക്ഷേ എന്റെ നാക്ക് ഒരു മരക്കഷണം പോലെ മരവിച്ച അവസ്ഥയിലും ശരീരം വിയർപ്പിൽ കുളിച്ച അവസ്ഥയിലും ആയിരുന്നു.

Monday, 23 May 2016

തൊളസ്സയും ബയോളജിയും

തൊളസ്സ വളരെ സഹൃദയനും സർവ്വോപരി പരോപകാരിയുമായ ഒരു ചെറുപ്പക്കാരനാണ്. നന്നേ ചെറുപ്പത്തിൽ അച്ഛനമ്മമാരെ നഷ്ട്ടപെട്ടതുൾപ്പെടെ ജീവിതത്തിന്റെ കൈപ്പുനീർ ഒട്ടേറെ കുടിക്കേണ്ടി വന്നിട്ടുണ്ട് തൊളസ്സയ്ക്ക്. ഭാരതീയരെ  തൊളസ്സ വളരെ ഇഷ്‌ടപ്പെട്ടിരുന്നു. തിരിച്ചും അങ്ങനെ തന്നെ. തൊളസ്സയുടെ ആത്മാർഥതയും സത്യ സന്ധതയും എടുത്തു പറയേണ്ട ഗുണങ്ങളാണ്. എത്യോപ്യ യിലെ  അമ്പോ എന്ന സ്ഥലത്ത് നമുക്ക് വേണ്ട വീട്ടു സാധനങ്ങൾ, കോഴി ഇറച്ചി മുതലായവ പലപ്പോഴും തൊളസ്സ യാണ് കൊണ്ട് വന്നു തന്നു കൊണ്ടിരുന്നത്.

വൃച്ഛികമാസത്തി ലെ    ഒരു ഞായറാഴ്ച ദിവസം രാവിലെ......
 കുമാർ കുളി കഴിഞ്ഞു വന്നു ഭക്തിയോടെ നാട്ടിലെ  അയ്യപ്പക്ഷേ ത്രത്തിൽ  നിന്നും കൊണ്ട് വച്ചിരുന്ന ചന്ദനം കുറച്ചെടുത്തു കുഴച്ചു നെറ്റിയിൽ ചാർത്തി. എത്യോപ്യ യിൽ  ഇന്നും അമ്പലങ്ങൾ അന്യമാണ്. ആയതുകൊണ്ട് തന്നെ ചന്ദനവും മറ്റും  നമ്മൾ നാട്ടിൽ നിന്ന് കൊണ്ട് പോയി സൂക്ഷിക്കും.
തൊളസ്സ സാധനങ്ങൾ വാങ്ങി വരുന്നതും പ്രതീക്ഷിച്ചു നില്ക്കുകയാണ് കുമാർ. പത്തു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ തൊളസ്സ സാധനങ്ങളുമായി എത്തി.
കുമാർ ..ഗുഡ് മോണിംഗ് , ഹൌ ആർ യു?  എന്ന സ്ഥിരം ചോദ്യവുമുണ്ട്.

ഐ ആം ഓ ക്കെ തൊളസ്സ, ഹൌ എബൌട്ട്‌ യു? ..........ഫൈൻ? എന്ന മറു ചോദ്യവുമായി കുമാർ സാധനങ്ങൾ തോളിൽ നിന്നും ഇറക്കാൻ തൊളസ്സയെ സഹായിച്ചു. സാധനങ്ങൾ നിലം തൊട്ടതും തൊളസ്സ ഒന്ന് നിവർന്നു കുമാറിന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു ഒന്ന് നോക്കി. ശേഷം കൈയെടുത്ത് കുമാറിന്റെ നെറ്റിയിലെ ചന്ദനം തൂത്തെറിഞ്ഞു കൊണ്ട് പറഞ്ഞു "ദെയർ ഈസ്‌ സം ഡേർ ട്ട്  ഇൻ യുവർ ഫോർ ഹെഡ്".
  കുമാർ ഒന്നും പറയാതെ  അയ്യപ്പസ്വമിയോടു മനസ്സാ മാപ്പിരന്നു. തൊളസ്സ ഒരു നല്ല കാര്യം ചെയ്തമട്ടിൽ നിന്നിട്ട് തുടർന്നു. "ഐ സോ യുവർ ഫ്രണ്ട്. ഹി ആസ്ക് ട്‌  എബൌട്ട്‌ യുവർ വെൽ ഫെയർ".

കുമാറിന്  ആളെ പിടികിട്ടിയില്ല.
"വിച്ച് ഫ്രണ്ട്? വാട്ട്‌ ഈസ്‌ ഹിസ്‌ നെയിം?"

"കുമാർ ലാസ്റ്റ് സാറ്റർഡേ ഹി വാസ് ഹിയർ വിത്ത്‌ യു".
പുതിയ ചില ഇന്ത്യൻ സുഹൃത്തുക്കൾക്ക് കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾ ഉച്ചയൂണ് നല്കുകയുണ്ടായി, തൊളസ്സ അന്ന് വീട്ടിൽ വരുവാനും അവരെ കാണുവാനും ഇടയായി.
"ഹിസ്‌ നെയിം....ഹിസ്‌ നെയിം.... ....................യെസ്...  ഹിസ്‌ നെയിം ഈസ്‌ ബയോളജി"
ങേ............. ബയോളജിയോ? ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
 തമിൾ നാട്ടിൽ നിന്നും മാനേജ്മെൻറ് വകുപ്പിൽ പുതുതായി എത്തിയ 'ബാലാജി' സാറിന്റെ നിഷ്കളങ്ക മുഖം നമ്മുടെ മനസ്സിൽ പൊങ്ങി വന്നു.
ഹിസ്‌ നെയിം ഈസ്‌ ബാലാജി .......നോട്ട്  ബയോളജി. ഹ ഹ ഹ കുമാർ ചിരി അടക്കാൻ പാടുപെടുമ്പോൾ എന്തോ അബദ്ധം പിണഞ്ഞെന്നു മനസ്സിലാക്കിയ തൊളസ്സയും  ചിരിയിൽ പങ്കു ചേർന്നു.


Thursday, 19 May 2016

വേഷപ്പകർച്ചകൾ

ഷിമി ലിസിനുംഭാര്യ യ്ക്കും ഒപ്പം 
അംബോ സർവകലാശാല യിൽ ജോലിക്ക് ചേർന്നിട്ട്  മൂന്നു നാലു  ദിവസം ആകുന്നതേ ഉള്ളൂ. താമസ സൗകര്യം സർവകലാശാല തന്നെ കണ്ടെത്തി അധ്യാപകർക്ക് നല്കുകയാണ് പതിവ്. ഞങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ഹോട്ടെലിലാണ് താമസം. ഹോട്ടലിലെ മുറിയിൽ മൂന്നു നാലുദിവസം കഴിഞ്ഞതിന്റെ ഒരു മടുപ്പും അതിലുപരി നെല്ലരിയാഹാരം കണികാണാൻ കിട്ടാത്തതിന്റെ നിരാശയും നമുക്കുണ്ടായിരുന്നു. ദിവസം മൂന്നു നേരം ബ്രഡ് ഓംലെറ്റ്‌,  ഓംലെറ്റ്‌ ബ്രഡ് വീണ്ടും ബ്രഡ് എന്ന മെനുവായിരുന്നു നമുക്ക്. മറ്റു ചില തദ്ദേശീയ വിഭവങ്ങൾ ഉണ്ടെങ്കിലും അവയുടെ മസാലമണം നമുക്ക് രുചികരമായി തോന്നിയിരുന്നില്ല.

ബംഗ്ലാദേശിൽ നിന്നുള്ള പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും ഞങ്ങളുടെ അടുത്ത മുറിയിൽ അതേ ഹോട്ടലിൽ താമസം ഉണ്ട്. അവർ അവിടെ താമസം ആയിട്ട് ഏതാണ്ട് പത്തു ദിവസത്തോളമായി.
 അന്ന് സാറിനെയും ഭാര്യയേയും പരിചയപ്പെടുമ്പോഴും, സാറിന്റെ വക കുറച്ചു ജാം നമുക്ക് ബ്രഡ് കഴിക്കാനായി അദ്ദേഹം തരി കയും ചെയ്തപ്പോഴും ഒന്നും നമ്മൾ ഒരിക്കലും വിചാരിച്ചിരുന്നില്ല  ജീവിതാന്ത്യം വരെ നില നിൽക്കുന്ന ഒരു സൗഹൃദ ബന്ധം അവിടെ ആരംഭിക്കുകയാണെന്ന്. ബ്രിട്ടനിൽ നിന്നും ഡോക്ടറേറ്റ് നേടിയ വളരെയേറെ  അനുഭവ സമ്പത്തുള്ള മാന്യരായ ദമ്പതികളാണവർ.

 അങ്ങനെയിരിക്കെ അതായതു ഓംലെറ്റ്‌ കണ്ടാൽ മനം മടുത്തുപോകുന്ന ഒരു പരുവത്തിൽ നമ്മൾ ഇരിക്കവെയാണ് ഒരു മലയാളി ടീച്ചർ ഒരു ദിവസം അത്താഴം അവരുടെ വീട്ടിൽ നിന്ന് നമുക്ക് തരുന്നത്. അന്ന് ലളിത ടീച്ചറുടെ വീട്ടിൽ നിന്നും കഴിച്ച മീൻ കറിയും, തോരനും, പുളിശ്ശേരിയും വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും നമ്മുടെ നാവിൻ തുമ്പിലുണ്ട്‌.

 സർവകലാശാല അധികൃതർ ഒരു ദിവസം സൽമാൻ സാറിനോടും നമ്മളോടും നമുക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചില വീടുകൾ പോയി കാണാൻ ആവശ്യപ്പെടുകയും ഒരു വാഹനം നമുക്ക് പോകാനായി തരി കയും ചെയ്തു. വീടിലേക്ക്‌ മാറിയാൽ നമ്മുടെ ആഹാരം നമുക്ക് ഉണ്ടാക്കി കഴിക്കാമല്ലോ എന്ന കാരണം കൊണ്ട് തന്നെ എത്രയും വേഗം വീട്ടിലേയ്ക്ക് മാറാൻ നമുക്ക് രണ്ടു കൂട്ടർക്കും തിടുക്കമായി
.
വാഹനം നമ്മുടെ ഹോട്ടെലിനു മുന്നില് നിന്നു. നമ്മൾ നാല് പേരും അതിൽ കയറി വീട് കാണാനായി യാത്ര തുടങ്ങി. നമ്മുടെ വാഹനത്തിന്റെ സാരഥി ചെറുപ്പക്കാരനായ മിസ്ടർ റ്റടെസ്സെ ആയിരുന്നു. ഭാരതീയരെ ഇഷ്ടപ്പെട്ടിരുന്ന റ്റടെസ്സെയ്ക്ക്  പക്ഷേ  ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയായിരുന്നു. എങ്കിലും കാര്യങ്ങൾ മനസിലാക്കാനും ചില വാക്കുകളും അംഗ്യവും ഒക്കെയായി നമ്മളോട് കാര്യങ്ങൾ പറയാനും അയാൾ താല്പ്പര്യം കാണിച്ചു. നമ്മൾ കാണാൻ പോകുന്ന പുതിയ വീട്‌ സർവകലാശാലയിലെ വൈസ് പ്രസിഡന്റിന്റെ താണെന്നും  ഒരു വീടിനെ  രണ്ടു കൂട്ടർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പണികഴച്ചിരിക്കുകയാണെന്നും റ്റടെസ്സെയിൽ നിന്നും നമുക്ക് മനസിലായി.  നമുക്ക് വളരെ സന്തോഷമായി കാരണം പുതിയ വീടാണല്ലോ കിട്ടാൻ പോകുന്നത്.

വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു റോഡിലേക്ക് റ്റടെസ്സെ വണ്ടി തിരിച്ചു. ലാൻഡ്‌ ക്രൂയി സർ വണ്ടി ആടി ഉലഞ്ഞു ചെന്ന് നീല ചായമടിച്ച ഒരു വീടിന്റെ ഓരം ചേർന്ന് നിന്നു. നമ്മൾ ഇരുകൂട്ടരും വളരെ ആകാംഷയോടെ വണ്ടിയിൽ നിന്നും ഇറങ്ങി. നമ്മുടെ സാരഥി വണ്ടിയിൽ തന്നെ ഇരിക്കുകയാണ്.

പുതിയ ഒരു വീടും സമീപത്തായി അതേ വളപ്പിൽ തന്നെ ചെറിയ ഒരു പണിസ്ഥലം പോലെ തോന്നിക്കുന്ന ഒരു കൂരയും. കൂരക്കു മുന്പിലായി ഒരു നീല  വേഷ ധാരി.  തോളുമുതൽ പാദം വരെ ഇറങ്ങി കിടക്കുന്ന, ഷർട്ടും പാൻറ്സും ഒന്നിച്ചു തുന്നിച്ചേർത്ത പോലെ യുള്ള ഒരു വിചിത്ര വേഷമാണ് അയാൾ ഇട്ടിരിക്കുന്നത്. ഏതോ പണി സ്ഥലത്തെ യൂണിഫോം പോലെ തോന്നുന്ന ഒരു വേഷത്തിനു പുറമേ ചില നസീർ പടങ്ങളിൽ കൊള്ളക്കാരായ വില്ലൻമാർ  ഒരു കണ്ണു മറക്കാൻ ഒരു പ്രത്യേക തുണി മാസ്ക്  ഉപയോഗിച്ച് കണ്ടിട്ടുണ്ടല്ലോ അതുപോലൊരു മാസ്ക് മൂക്കിനു മുൻപിലായി കെട്ടിയിട്ടുമുണ്ട് വിചിത്ര വേഷധാരി.

വിചിത്ര വേഷധാരിയെ ഒന്നു നോക്കിയ ശേഷം നമ്മൾ പതുക്കെ പുതിയ വീട്ടിനുള്ളിലേക്ക് കയറി. എല്ലാ മുറികളും ചുറ്റിക്കണ്ട നമ്മൾ നന്നായി ഞെട്ടി. കാരണം ഗ്യാസ് അടുപ്പ്, ഗ്യാസ് കണക്ഷൻ, പൈപ്പ് സംവിധാനങ്ങൾ, ടോയിലറ്റ് എന്നിവ ഒന്നും പണിപൂർത്തിയായിട്ടില്ല. പോരാത്തതിനു  ചുറ്റുപാടും വളരെ മോശമായ രീതിയിൽ സിമന്റ് കട്ടകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു.വീട്ടിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ ഞാനും കുമാറും മലയാളത്തിൽ "നമ്മൾ ഇവിടെങ്ങനെ താമസിക്കും" എന്നും മറ്റും പറയുന്നുണ്ടായിരുന്നു.

നമുക്ക് പുറകെ മുറ്റത്തേക്കിറങ്ങിയ പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും അതീവ ദുഖിതരായി കാണപ്പെട്ടു. അതിനു കാരണം ആ വീട് താമസയോഗ്യമായിട്ടില്ല എന്നതും വളരെ നാളായി അവർ ഹോട്ടലിൽ താമസിക്കുന്നതും ആയിരുന്നു. നമ്മളെ കണ്ട മാത്രയിൽ പ്രോഫസ്സർ നല്ല ഇംഗ്ലീഷിൽ നാല് കാച്ചങ്ങു കാച്ചി. "ഔര് ഡ്രൈവർ ടോൾഡ്‌ ദാറ്റ്‌ ദിസ് ഹൗസ് ബെലോങ്ങ്സ് റ്റു യുണിവേര്സിടി വൈസ് പ്രസിഡന്റ്‌. സൊ ഐ ഡ്രീംട്  എ ലോട്ട് എബൌട്ട്‌ എ വെരി ഗുഡ് ഹൗസ്. നൗ യു സീ ദി പതെടിക് കണ്ടീഷൻ ഓഫ് ദിസ്‌ ഹൌസ്. ഹൌ വി വിൽ സ്റ്റേ ഹിയർ വിതൗറ്റ് നെസിസ്സരി ഫസിലിടീസ്? ...............................................ഇങ്ങനെ തുടങ്ങിയ അദ്ദേഹത്തോടൊപ്പം ശ്രീമതിയും കൂടെ ചേർന്നു. അവർ പറഞ്ഞു  "വി   വിൽ  ഇൻഫൊം ദിസ്‌ റ്റു  അതോരിട്ടീസ്.............................................................. ."
നമ്മൾ രണ്ടു പേരും അവർ പറഞ്ഞതെല്ലാം കേട്ട് തല കുലുക്കി. കൂടുതലായി ഒന്നും പറയാൻ മനസിലെ നൈരാശ്യം അനുവദിച്ചില്ല.വിചിത്ര വേഷധാരി ഇതെല്ലാം കണ്ടുകൊണ്ട്‌ അവിടെത്തന്നെ നില്പ്പുണ്ട് അപ്പോഴും.  അവിടെ നിന്നും നമ്മൾ മറ്റു രണ്ടു മൂന്നു വീടുകൾ കൂടി കാണാൻ പോയി. ഏതാണ്ട് നേരത്തെ കണ്ടതിലും പരിതാപകരമായിപ്പോയി പിന്നീട് കണ്ടവ. അപ്പൊ നമുക്ക് തോന്നി ആദ്യം കണ്ടതാണ് ഭേദമെന്ന്. എന്തായാലും ആദ്യം കണ്ട വീട് എടുക്കുന്നതാണ് ബുദ്ധിയെന്ന നിലയിൽ ഞങ്ങൾ അക്കാര്യം പിറ്റേന്ന് രാവിലെ വീട്ടുടമസ്ഥനായ അക്കാദമിക് വൈസ് പ്രസിഡന്റിനെ സമീപിച്ച്‌ അറിയിച്ചു. ഒരു നിമിഷം ഒന്ന് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു.
"വൈ യു ഹാവ് ചെയിഞ്ചിട്  യുവർ ഡിസിഷൻ ഓൾ ഓഫ് എ സഡൻ?"  പ്രഫസ്സറുടെ മുഖത്തേക്ക് നോക്കി അദ്ദേഹം തുടർന്നു
"എസ്ടര്ടെ യു വെയർ നോട്ട് ഹാപ്പി വിത്ത്‌ ദി ഫസിലിടീസ് അറ്റ്‌ മൈ ഹോം?"

പ്രഫസ്സർ വിവർണ്ണ മായ മുഖത്തോടെ  ഞങ്ങളുടെ രണ്ടുപേരുടെയും നേരെ സംശയത്തോടെ നോക്കി. ഞങ്ങൾ വല്ലതും റിപ്പോർട്ട്‌ ചെയ്തോ എന്നാണ് അദ്ദേഹത്തിന് സംശയം. അതിനിടയിലും "സർ .......... ആക്ചൊലി ദി കൺസ്ട്രക്ഷൻ ഹാസ്‌ റ്റു  ഫിനിഷ്.... സൊ...... വി .. സോ.... ദി അദർ ഹൗസെസ് ആൾസോ" എന്നൊക്കെ അദ്ദേഹം പറഞ്ഞൊപ്പിച്ചു. 
നമ്മുടെ നിരപരാധിത്വം പ്രഫസ്സരോട് വെളിവാക്കേണ്ടത് എന്റെയും കുമാറിന്റെയും  ബാധ്യത യായി. നമ്മൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല  എന്ന് ഞങ്ങൾ പ്രോഫസ്സരോട് പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ആണ് 
'നിങ്ങൾ വീട് സെലക്ട്‌ ചെയ്തോ?" എന്ന ചോദ്യവുമായി നമ്മുടെ വകുപ്പിലെ സഹപ്രവർ ത്ത കനും സീനിയർ  പ്രഫസ്സറു മായ സുബ്രഹ്മണ്യം  സർ നമ്മുടെ മുന്നിലേക്ക്‌ എത്തിയത്.
"ഇല്ല സർ....... വീടിന്റെ കാര്യം  നമ്മളെ ആകെ കുഴയ്ക്കു ന്നു" ഞാൻ പറഞ്ഞു.

ഞാൻ വന്നു കാണണോ? അദ്ദേഹം ചോദിച്ചു.
 വളരെ വർഷങ്ങളായി എത്യോപ്യ യിൽ താമസിക്കുന്ന അദ്ദേഹം ഒന്ന് വന്നു വീട് കാണുന്നത് നന്നായിരിക്കുമെന്ന് നമുക്ക് തോന്നി.
 അദ്ദേഹത്തിന്റെ ഒരു ഉപദേശവും തേടാമല്ലോ ...

അങ്ങനെ ഞങ്ങൾ നാലുപേരും വീട്  കാണാനായി വീണ്ടും നീല ചായമടിച്ച വീട്ടിലേയ്ക്ക്  പോയി. ഞാനാണ്‌ ആദ്യം വളപ്പിലേക്ക് കയറിയത്.തൊട്ടുപുറകെ മറ്റുള്ളവരും.

നീലവിചിത്ര വേഷധാരി ഇന്നും അവിടെ നിൽപ്പുണ്ട്. പക്ഷേ മുഖത്തെ തുണി മാസ്ക് കാണുന്നില്ല. എന്തോ അണുബാധ ഏറ്റപോലെ അദ്ദേഹത്തിന്റെ ചുണ്ട് തടിച്ചു വല്ലാതെ വീർതിരി പ്പുണ്ട്. സുബ്രഹ്മണ്യം സാറിനെ കണ്ടമാത്രയിൽ  വിചിത്ര വേഷധാരി വളരെ ആഹ്ലാദവാനായി. അമ്മാരിക് എന്ന ഭാഷയിൽ  അദ്ദേഹം സുബ്രഹ്മണ്യം സാറുമായി  സംസാരിക്കുന്നു. കുറച്ചു കഴിഞ്ഞു സുബ്രഹ്മണ്യം സാർ നമ്മളോടൊപ്പം വീട്ടിനുള്ളിലേക്ക് കയറി.
ഒപ്പം അദ്ദേഹം പറഞ്ഞു.
"പുറത്തു നില്ക്കുന്ന ആളാണ് ഷിമിലിസ്, പുള്ളി നമ്മുടെ വൈസ് പ്രസിഡന്റിന്റെ ചേട്ടനാണ്.  സർവകലാശാല യിലെ ഇലക്ട്രീഷ്യനും.  നമ്മൾ രണ്ടും വളരെ ക്ലോസ് ഫ്രൻസാണ്. നിങ്ങൾ ഇന്നലെ... ഈ വീട് മോശമാണ് എന്ന് വല്ലതും മിസ്ടർ ഷിമിലിസിനോട് പറഞ്ഞോ?" 

"ഇല്ല സർ ....നമ്മൾ പരസ്പരം ഈ വീട് മോശമാണ് എന്നൊക്കെ  പറഞ്ഞു ,............. പക്ഷെ  മിസ്ടർ ഷിമിലിസിനോട് സംസാരിക്കാൻ നമുക്ക് ഭാഷ പ്രശ്നമാണല്ലോ........"

സുബ്രഹ്മണ്യം സാർ തുടർന്നു..."ഷിമിലിസിനോട് സംസാരിക്കാൻ നിങ്ങൾക്ക് ഭാഷ ഒരിക്കലും തടസ്സമാകില്ല. എത്യോപ്യൻ അർമിയിൽ സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹം അമേരിക്ക ഉൾപ്പെടെ ഒട്ടനവധി രാജ്യങ്ങൾ സന്ദർശി ച്ചിട്ടുള്ള ഒരാളാണ്. നിങ്ങൾക്ക് എന്തുകൊണ്ടും നല്ല ഒരു അയല്ക്കാരാകും പുള്ളിയും കുടുംബവും. അദ്ദേഹത്തിന് വീട് പുതുക്കി പണിയുന്നത് കൊണ്ട് ആ കാണുന്ന ചെറു കൂരയിലാണ്‌ അവർ ഇപ്പൊ താമസിക്കുന്നത്. ഷിമിലിസിന് ഇംഗ്ലീഷ് ഉൾപ്പെടെ ഒട്ടനവധി ഭാഷകൾ വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും."
ഇത്രയും കേട്ടതും പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയ്ക്കും തല കറങ്ങുന്നത് പോലെ തോന്നിയെന്നാണ് പിന്നീട് അവർ നമ്മളോട് പറഞ്ഞത്. കാരണം തലേ ദിവസം ഈ വിചിത്ര വേഷധാരിയുടെ മുന്നിൽ വച്ചാണ് പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും 'ഈ വീടിന്റെ പോരായ്മകൾ' എന്ന വിഷയത്തിൽ നമുക്ക് ഒരു ഇംഗ്ലീഷ് സ്റ്റഡി ക്ലാസ്സ്‌ നടത്തിയത്. വിചിത്ര വേഷധാരിയെ അവഗണിച്ചത്തിലെ വൈക്ലബ്യം സൽമാൻ സാറിന്റെ മുഖത്ത് പ്രകടമായിരുന്നു. വൈസ് പ്രസിഡന്റിന്റെ ചോദ്യം നമ്മുടെ മനസ്സിലൂടെ പിന്നോട്ടോടി ഒപ്പം ഒരു ഉത്തരമായി മിസ്ടർ ഷിമിലിസി ന്റെ മുഖം മൂടിയ മുഖവും.

ഒരാളുടെ വേഷത്തിൽ നിന്ന് മാത്രം ആരെയും തിരിച്ചറിയാൻ കഴിയില്ലാ എന്നൊരു വലിയ തിരിച്ചറിവാണ് അന്ന് നമുക്ക് കിട്ടിയത്. ഏറെ തമാശക്കാരനായ മിസ്ടർ ഷിമിലിസ് പിന്നീട് നമുക്ക് ഒരു ഏട്ടനെ പോലെ പ്രിയങ്കരനായിത്തീർന്നു.