Wednesday, 1 June 2016

ഖാറ്റ് ഇലയും ഇന്ത്യനും

ഖാറ്റ് ഇല ക്കെട്ടുമായി  ഒരു എത്യോപ്യൻ യുവാവ് (കടപ്പാട് ഗൂഗിൾ)
ഫെബ്രുവരി മാസം 2011. അമ്പോ സർവകലാശാലയിൽ ഒരു അന്താരാഷ്ട്ര പരിസ്ഥിതി സെമിനാർ നടക്കുന്നു. എത്യോപ്യൻ  പ്രസിഡന്റ്‌ ആണ് സെമിനാർ ഉദ്ഖാടനം ചെയ്തത്.ഒട്ടനവധി രാജ്യങ്ങളിൽ നിന്ന് വിഷയ നിപുണർ എത്തിയിട്ടുണ്ട്.
 ഇന്ത്യയിൽ നിന്നും പതിനഞ്ചോളം പേർ എത്തിയിട്ടുള്ളതിൽ നമ്മുടെ മൂന്നു സുഹൃത്തുക്കളും ഉണ്ട്. സെമിനാർ അവസാനിച്ച ദിവസം നമ്മൾ സുഹൃത്തുക്കൾക്ക് ഒരു ഉച്ചയൂണ് നൽകുകയുണ്ടായി. അതിനുശേഷം നമ്മളെല്ലാവരും കൂടി നടന്നു സർവകലാശാലയിലേക്ക് പോകുകയാണ്.

വഴിയോര കടകളിലെല്ലാം 'ഖാറ്റ്' എന്നറിയപ്പെടുന്ന പച്ചില കച്ചവടം തകൃതിയായി നടക്കുന്നു.  നാഡീ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരിലയാണ് ഖാറ്റ് അഥവാ 'Catha edulis' എന്ന സെലസ്റ്റ്രസിയെ കുടുംബാംഗം.  എത്യോപ്യൻ സംസ്കാരവുമായി ഇഴപിരിക്കാനാവാതെ ചേർന്നിരിക്കുന്ന ഒരു കാര്യമാണ് 'ഖാറ്റ് ഇല ചവക്കൽ' എന്നത്.'ഖാറ്റ്' കയറ്റുമതിയിലൂടെ  എത്യോപ്യ ക്ക് നല്ല രീതിയിൽ വിദേശ നാണ്യം ലഭിക്കുന്നുമുണ്ട്.ആഴ്ചയിലൊരിക്കൽ അമ്പോ യിലും ഖാറ്റ് കെട്ടുകളുമായി ലോറികൾ എത്തും. സർവകലാശാലയിലെ വിദ്യാർത്ഥി കളിൽ നല്ലൊരു ശതമാനവും രഹസ്യമായി 'ഖാറ്റ്' ഉപയോഗിക്കുന്നവരാണ്. അവർ പറയുന്ന കാരണം ഇത് ഉപയോഗിച്ചാൽ അവർക്ക് പരീക്ഷ യ്ക്കും മറ്റും നല്ല ഓർമ ശക്തി ലഭിക്കുന്നു എന്നതാണ്. എന്നാൽ കാമ്പസിനുള്ളിൽ ഇത് നിരോധിച്ചിട്ടുമുണ്ട്.

പച്ചില കച്ചവടം കണ്ട നമ്മുടെ മലയാളി സുഹൃത്ത്‌, സസ്യശാസ്ത്ര വിദഗ്ദ്ധനായ  Dr. ശ്യാമിന് ആ ഇല കുറച്ചു രുചിച്ചു നോക്കണം എന്നൊരാഗ്രഹം. പൊതുവേ ഇന്ത്യാക്കാരൊന്നും 'ഖാറ്റ്' വാങ്ങാറില്ല.
"ഇത് രുചി നോക്കാതെ നാളെ ഞാൻ എത്യോപ്യ വിടില്ല. ഇൻറർനെറ്റിൽ നിന്നും മറ്റും ഞാൻ ഖാറ്റിനെപ്പറ്റി ഒരുപാട് വായിച്ചിരിക്കുന്നു" എന്നെല്ലാം ശ്യാം നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
 അത് വേണോ? കുഴപ്പമായാലോ? എന്നെല്ലാം മറ്റുള്ളവർ ചോദിച്ചെങ്കിലും ശ്യാം വീഴുന്ന മട്ടില്ല. നിർബന്ധം സഹിക്കാതായതോടെ ഞാൻ മെല്ലെ കടയിലേക്ക് കയറി. ഞാൻ  പലപ്പോഴും വഴിയരികിൽ കാണാറുള്ള ഒരു ചെറുപ്പക്കാരനാണ് കടയിൽ നില്ക്കുന്നത്. 60 ബിർ കൊടുത്തു ഞാൻ ഒരു ചെറിയ ഇലക്കെട്ട് വാങ്ങി. കടക്കാരൻ ചെറുചിരിയോടെ, പക്ഷേ വളരെ അതിശയത്തോടെ എന്നെ നോക്കുകയും 'ഓ ഇന്ത്യൻസും ഇത് ഉപയോഗിച്ച് തുടങ്ങിയോ' എന്ന ഒരു ഭാവത്തോടെ  ബാക്കി ബിർ തരികയും ചെയ്തു. കുറച്ചു മാറിനിന്നിരുന്ന ശ്യാം ആകട്ടെ വളരെ സന്തോഷത്തോടെ ആ ഇലക്കെട്ട് കൈയിൽ വാങ്ങുകയും ഉടനെ തന്നെ രണ്ടു മൂന്നില ചവച്ചിറക്കുകയും ചെയ്തു. "ഓ ഒരു വല്ലാത്ത കയ്പ്പാണല്ലോ" എന്ന് പറഞ്ഞു കൊണ്ട് പുള്ളി മുഖം വല്ലാതെ കോട്ടി. ഇല തീറ്റി അവിടം കൊണ്ടവസാനിപ്പിച്ച  ശ്യാം ആ ഇലക്കെട്ടു മുഖത്തോട് ചേർത്ത് പിടിച്ചുകൊണ്ടു തുരുതുരാ കുറെയേറെ സെല്ഫികൾ എടുത്തു. "നിങ്ങൾക്കാർക്കെങ്കിലും ഇത് രുചിക്കണോ? ആർക്കും വേണ്ടേ?" ............ എന്ന ചോദ്യത്തെ തുടർന്ന് അടുത്ത് കണ്ട ഒരു ഓടയിലേക്കു അത് വലിച്ചു ഒരു ഏറു കൊടുത്തു.  പിറ്റേന്ന് രാവിലെ ശ്യാമും മറ്റു സുഹൃത്തുക്കളും ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോയി.

ഈ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ ദിവസം . ഉച്ചക്ക് ശേഷം ബിരുദാനന്ത ബിരുദ കുട്ടികൾക്ക് ഒരു പരീക്ഷ  നടത്തേണ്ടതിനാൽ കുറച്ചു വേഗത്തിൽ വീട്ടിൽ നിന്നും കാമ്പസിലേക്ക്‌ ഞാൻ നടക്കുകയാണ്. എന്നോടൊപ്പം എന്റെ വകുപ്പിലെ  എത്യോപ്യക്കാരി സുഹൃത്തായ മാസ്തവുഷയും ഉണ്ട് . അന്നും ഖാറ്റ് വില്പ്പനയുള്ള ദിവസമാണ്. ഒരു കടയ്ക്കുമുന്നിലൂടെ നടന്നു നീങ്ങുന്ന എന്നെ പൊടുന്നനെ ഒരു ചെറുപ്പക്കാരൻ കടയ്ക്കുള്ളിൽ നിന്ന് കൈകാട്ടി വിളിക്കുന്നു. മറ്റാരെയെങ്കിലും ആവും എന്നു കരുതി ഞാൻ ചുറ്റിലും ഒന്ന് നോക്കി.
ഉടനെ അയാൾ എന്നോട് ഇങ്ങനെ പറഞ്ഞു. "ഐ ആം കാളിംഗ് യു ഒൺലി..... ഡോക്ടർ .... ഫ്രഷ്‌ ആൻഡ്‌ റ്റെയ്സ്ട്ടി ന്യൂ ഖാറ്റ് അവൈലബിൾ........യു ആർ ദി ഒൺലി ഇന്ത്യൻ കസ്റ്റമർ ഫോർ ഖാറ്റ് ഇന് അമ്പോ ടൌൺ..............പ്ലീസ് കം ആൻഡ്‌ ഹാവ് ഇറ്റ്‌".
ഒന്നമ്പരന്ന എനിക്ക് മാസ്തവുഷയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഏതാണെന്ന് മനസിലാക്ക ണം എന്നുണ്ടായിരുന്നു ഒപ്പം എനിക്ക് വേണ്ടിയല്ല കഴിഞ്ഞ ആഴ്ച ഖാറ്റ് ഞാൻ വാങ്ങിയതെന്ന് പറയണമെന്നും ഉണ്ടായിരുന്നു. പക്ഷേ എന്റെ നാക്ക് ഒരു മരക്കഷണം പോലെ മരവിച്ച അവസ്ഥയിലും ശരീരം വിയർപ്പിൽ കുളിച്ച അവസ്ഥയിലും ആയിരുന്നു.

2 comments:

ആതിര said...

കഞ്ചാവുമായി എത്യോപിയയിൽ ഇന്ത്യൻ യുവതി പിടിയിൽ ഹഹഹ ... നല്ല രസമുള്ള അനുഭവം ... wonderful!!

Unknown said...

he he he
Thanks