Wednesday 4 May 2016

ഉസ്മാനും ബജാജിയും



അല്പം കറുത്തിരുണ്ട് കൊലുന്നനെ ഉള്ള ഒരു ചെറുപ്പക്കാരൻ. പേര്  ഉസ് മാൻ.  ജോലി ഓട്ടോറിക്ക്ഷ  ഓടിക്കൽ. ഇന്ത്യക്കാരെ ജീവന് തുല്യം സ്നേഹിക്കുന്ന ഉസ്മാൻ  അവര്ക്ക് വേണ്ടി എന്ത് ജോലിക്കും റെഡി. ഒന്ന് രണ്ടു തവണ  വീട്ടിൽ ഗ്യാസ് സിലിണ്ടർ കൊണ്ട്  വരാൻ ഉസ്മാൻ സഹായിച്ചിട്ടുണ്ട്‌.   അബ്ദുൾ കലാം സാറിന്റെ ഒരു ഫോട്ടോ ഞങ്ങളുടെ വീട്ടിൽ വച്ചിരുന്നത് കണ്ടിട്ട് ഉസ്മാൻ ചോദിച്ചതോർത്ത് ഞങ്ങൾ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുമായിരുന്നു. ചോദ്യം എന്നോടിങ്ങനെ ആയിരുന്നു
 'ദീദി...................................... ദിസ്‌ ഈസ്‌ യുവർ ആൻറി? 

ഉസ്മാൻറെ ഓട്ടോ യുടെ  അകവശം മുഴുവൻ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ്. എത്യോപ്യക്കാർ  ഓട്ടോ റിക്ഷ എന്ന വാക്ക് വളരെ വിരളമായേ ഉപയോഗിക്കാറുള്ളൂ. എല്ലാ  ഓട്ടോറിക്ഷയും അവർക്ക് ബജാജി ആണ്. അതായത് ഇന്ത്യൻ കമ്പനിയായ ബജാജ് ഓട്ടോകളാണ് എത്യോപ്യയിലെമ്പാടും. ഓട്ടോയിൽ കയറി എന്നതിന് പകരം അവർ പറയും ബജാജിയിൽ കയറി എന്ന്.

ഒരു പ്രഭാതം. വിഷു ദിവസമാണ്, പക്ഷെ നമുക്ക് അവധി ദിനമല്ലല്ലൊ. രാവിലെ ഒരു  ചെറിയ പായസം, പരിപ്പ് കറി തുടങ്ങിയവയൊക്കെ വച്ചുകഴിഞ്ഞ്  കുളിയെല്ലാം കഴീഞ്ഞു. വിഷു ദിനമല്ലേ ഒരു സാരി  ഉടുത്തു കൊണ്ട്  പോകാം എന്ന് തീരുമാനിച്ചു. ഭാരതീയ വേഷങ്ങളായ സാരി, ചുരിദാർ, മുണ്ട്, കുർത്തി തുടങ്ങിയവക്കൊക്കെ ഒരുപാടു ആരാധകരുണ്ടവിടെ. നല്ല ഒന്നാന്തരം ഒരു ചുവന്ന പട്ടു സാരി തന്നെ എടുത്തു ചുറ്റി. ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു. ഫെയിസ്ബുക്കിലിട്ടാൽ പത്തു പേർ കാണുമല്ലോ നമ്മുടെ വിഷുവും എന്ന അഹങ്കാരത്തോടെ.

സർവകലാശാല വളപ്പിലേക്ക് പത്തുമിനിട്ടു നടന്നു പോകാവുന്ന ദൂരമേയുള്ളൂ. പട്ടുസാരിയൊക്കെ ചുറ്റി  ഒരു വിധം  റോഡിലേക്കിറങ്ങി.  പത്ത്  ചുവട് വച്ചു കാണും, അപ്പോഴേക്കും പുറകിൽ നിന്നും ഒരു വണ്ടിയുടെ ഇരമ്പൽ...... ഒപ്പം  'സിസ്റ്റർ..... ദീദി............. 'എന്നീ വിളികളും.
 ഞാൻ തിരിഞ്ഞു നോക്കി. അപ്പോഴേക്കും എന്റെ തൊട്ടടുത്തായി ഉസ്മാന്റെ ബജാജി ആർത്തിരമ്പി നിന്നു. പിൻ  സീറ്റിലായി   മൂന്നു സ്ത്രീ കളും ഇരുപ്പുണ്ട്‌.
ദീദി... യു.... ഗോ....... യൂണിവേർസിറ്റി?  ഇംഗ്ലീഷ് ഭാഷാ വ്യാകരണമൊന്നും ഉസ്മാന്റെ നിഖണ്ടുവിൽ ഇല്ല. അനുകരണത്തിന്റെയും ഇംഗ്ലീഷിന്റെയും അതിർവരമ്പിൽ നിന്നുകൊണ്ട്  ഉസ്മാൻ സംസാരിച്ചു .
ഞാൻ മെല്ലെ പറഞ്ഞു....... എസ്.....
 ഗോ.... ബജാജി .......  ഉസ്മാൻ പ്രഖ്യാപിച്ചു ......ഓട്ടോയിൽ കയറി പോകാമെന്നാണ് ഉസ്മാൻ പറയുന്നത് എന്ന് ആംഗ്യവും മുറിഇംഗ്ലീഷും കൊണ്ട് മനസിലായി.
ഞാൻ പറഞ്ഞു 'ബട്ട്‌......... ഉസ്മാൻ..... ദെയർ ഈസ്‌ നോ വേക്കന്റ് സീറ്റ്‌'.
നോ  പ്രോബ്ലം...... സിറ്റ് സിറ്റ് .... ഉസ്മാൻ വിടുന്ന മട്ടില്ല.  
ഉസ്മാന്റെ ഡ്രൈവിംഗ് സീറ്റി ലാണ്  എനിക്ക് സ്ഥലം കാട്ടുന്നത്. 
ഞാൻ പറഞ്ഞു. ഇട്സ് ഒ കെ....... ഐ വിൽ ഗോ ബൈ വാക്ക്.
'നോ.. നോ... നോ ...........................പ്ലീസ്‌ കം ...................' ഉസ്മാൻ ഒരേ ബഹളം.
 ഞാൻ പറയുന്നതൊന്നും അയാളുടെ ചെവിയിൽ വീഴുന്നില്ല. ഇതിനിടയിൽ എന്റെ സാരിയുടെ തുമ്പ് കാറ്റിലാടി ഉസ്മാന്റെ നേര്ക് ചെന്നു.  ഉടൻ ഉസ്മാൻ ആ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് വീണ്ടും  പറഞ്ഞു  'പ്ലീസ്  കം.......... പ്ലീസ് കം'. 
ഞാൻ പരിസരം ഒന്ന് നോക്കി. ഉസ്മാന്റെ ഓട്ടോയ്ക്ക് പിന്നിലായി രണ്ടു മൂന്നു വാഹനങ്ങൾ ബ്ലോക്കായി കിടന്നു ഹോൺ മുഴക്കുന്നു.
കയറാതെ ഇവൻ വിടുന്ന മട്ടില്ലല്ലൊ ....എന്നോർത്ത് കൊണ്ട് എന്തും വരട്ടെ എന്ന് കരുതി ഞാൻ ഡ്രൈവിംഗ് സീറ്റിലേ ക്കു കടന്നിരുന്നു.
 ആസനത്തിന്റെ ചെറിയോരംശം മാത്രം സീറ്റിൽ ഉറപ്പിച്ചിരുന്ന്  ഉസ്മാൻ വണ്ടി മുന്നോട്ടെടുത്തു. എനിക്കാണെങ്കിൽ പിടിച്ചിരി ക്കാനൊട്ടു സ്ഥലവും ഇല്ല. രണ്ടു വശവും   റോഡും  നല്ല വ്യക്തമായി കാണാം. നിയമ ലംഘനമാണല്ലോ ഞാൻ ചെയ്യുന്നത് എന്ന കുറ്റബോധത്തെക്കാൾ എന്നെ വലച്ചത് മറ്റൊരു ചിന്തയായിരുന്നു. 
പട്ടുസാരിയും ചുറ്റി ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിലിരുന്നു ഞാൻ ചെല്ലുന്നത് എന്റെ ഭാരതീയരായ സുഹൃത്തുക്കൾ ആരെങ്കിലും കാണുമോ എന്ന ഭയം. ആരെങ്കിലും ഇത്തരം രംഗങ്ങൾ കണ്ടാൽ പിന്നെ ആ വാർത്ത‍ കാട്ട്  തീ പോലെ അവിടമാകെ നിമിഷങ്ങൾക്കുള്ളിൽ പരക്കും. ഇത്തരം പ്രവർത്തികളിൽ ഞാനും മോശമായിരുന്നില്ല. 
വണ്ടി സർവകലാശാല ഗേറ്റിനടുത്തു ഉസ്മാൻ ചവിട്ടി നിറുത്തി. ഞാൻ അവിടമാകെ ഒന്ന് പരതി നോക്കി. ഭാഗ്യം ആരും കണ്ടില്ല. ഒരു നെടുവീർപ്പോടെ ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി. അതാ തൊട്ടുപിന്നിൽ അതെ ഓട്ടോയിൽ കയറാനായി എന്റെ തമിൾ സുഹൃത്ത്‌ മലർക്കൊടി. പൊങ്കൽ പ്രമാണിച്ച് കക്ഷി അടിപൊളി സാരിയിലാണ്.  
ങേ.......  നീംഗളാലെ   ഓട്ടോ  ഡ്രൈവ് പണ്ണ മുടിയുമാ? കടവുളേ .....ഹ ഹ ഹ......... പ്രമാദമാന സ്റ്റൈൽ താനേ....... 
 ഞാൻ നിന്ന നിലയിൽ ഒന്ന് ചൂളി. 
പിന്നെ കുറച്ചു സീരിയസ് ആയി പറഞ്ഞു ആമ .....ഡ്രൈവ് പണ്ണ മുടിയും. ഉങ്ങളുക്ക് തൈരി യാതാ?  ഈഫ് സൊ ബെറ്റർ യു ഗെറ്റ് അനതർ ഓട്ടോ, ബികോസ് ദിസ്‌ ഡ്രൈവർ ഗോട്ട് സം പ്രോബ്ലം ഇന് ഡ്രൈവിംഗ്, സൊ ഐ ഹെൽപിട് ഹിം.  മലർക്കൊടി ഒരു നിമിഷം ഒന്ന് ശങ്കിച്ചു നിന്നു. ആ  നേരം കൊണ്ട് ഞാൻ  ഉസ്മാന് നന്ദി പറഞ്ഞ് പത്ത് ബിറും (എത്യോപ്യൻ  കറൻസി) അയാളുടെ  സീറ്റിൽ വച്ച്  പതുക്കെ റോട് ക്രോസ് ചെയ്തു. 
ബൈ ..ദീദി.... ഉസ്മാൻ ഉറച്ചു വിളിച്ചു.   തിരിച്ചു ബൈ പറയാനായി കൈ ഉയർത്തിയ ഞാൻ കണ്ടത് ആസനത്തിന്റെ ചെറിയോരംശം മാത്രം സീറ്റിൽ ഉറപ്പിച്ചിരുന്ന് ഉസ്മാനും  എനിക്ക് പകരം അതേ സീറ്റിൽ സാരിയുടുത്ത  മലർക്കൊടിയും.
   

        

2 comments:

ആതിര said...

ശോ!! അത് നേരിട്ട് കാണാൻ പറ്റിയില്ലലോ .... എങ്കിലും കണ്ട പോലെ ആയി ....വമ്പൻ കോമഡി ഹിഹി !!!വായിക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി

Unknown said...

Thank you Athira