Thursday 19 May 2016

വേഷപ്പകർച്ചകൾ

ഷിമി ലിസിനുംഭാര്യ യ്ക്കും ഒപ്പം 
അംബോ സർവകലാശാല യിൽ ജോലിക്ക് ചേർന്നിട്ട്  മൂന്നു നാലു  ദിവസം ആകുന്നതേ ഉള്ളൂ. താമസ സൗകര്യം സർവകലാശാല തന്നെ കണ്ടെത്തി അധ്യാപകർക്ക് നല്കുകയാണ് പതിവ്. ഞങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ഹോട്ടെലിലാണ് താമസം. ഹോട്ടലിലെ മുറിയിൽ മൂന്നു നാലുദിവസം കഴിഞ്ഞതിന്റെ ഒരു മടുപ്പും അതിലുപരി നെല്ലരിയാഹാരം കണികാണാൻ കിട്ടാത്തതിന്റെ നിരാശയും നമുക്കുണ്ടായിരുന്നു. ദിവസം മൂന്നു നേരം ബ്രഡ് ഓംലെറ്റ്‌,  ഓംലെറ്റ്‌ ബ്രഡ് വീണ്ടും ബ്രഡ് എന്ന മെനുവായിരുന്നു നമുക്ക്. മറ്റു ചില തദ്ദേശീയ വിഭവങ്ങൾ ഉണ്ടെങ്കിലും അവയുടെ മസാലമണം നമുക്ക് രുചികരമായി തോന്നിയിരുന്നില്ല.

ബംഗ്ലാദേശിൽ നിന്നുള്ള പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും ഞങ്ങളുടെ അടുത്ത മുറിയിൽ അതേ ഹോട്ടലിൽ താമസം ഉണ്ട്. അവർ അവിടെ താമസം ആയിട്ട് ഏതാണ്ട് പത്തു ദിവസത്തോളമായി.
 അന്ന് സാറിനെയും ഭാര്യയേയും പരിചയപ്പെടുമ്പോഴും, സാറിന്റെ വക കുറച്ചു ജാം നമുക്ക് ബ്രഡ് കഴിക്കാനായി അദ്ദേഹം തരി കയും ചെയ്തപ്പോഴും ഒന്നും നമ്മൾ ഒരിക്കലും വിചാരിച്ചിരുന്നില്ല  ജീവിതാന്ത്യം വരെ നില നിൽക്കുന്ന ഒരു സൗഹൃദ ബന്ധം അവിടെ ആരംഭിക്കുകയാണെന്ന്. ബ്രിട്ടനിൽ നിന്നും ഡോക്ടറേറ്റ് നേടിയ വളരെയേറെ  അനുഭവ സമ്പത്തുള്ള മാന്യരായ ദമ്പതികളാണവർ.

 അങ്ങനെയിരിക്കെ അതായതു ഓംലെറ്റ്‌ കണ്ടാൽ മനം മടുത്തുപോകുന്ന ഒരു പരുവത്തിൽ നമ്മൾ ഇരിക്കവെയാണ് ഒരു മലയാളി ടീച്ചർ ഒരു ദിവസം അത്താഴം അവരുടെ വീട്ടിൽ നിന്ന് നമുക്ക് തരുന്നത്. അന്ന് ലളിത ടീച്ചറുടെ വീട്ടിൽ നിന്നും കഴിച്ച മീൻ കറിയും, തോരനും, പുളിശ്ശേരിയും വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും നമ്മുടെ നാവിൻ തുമ്പിലുണ്ട്‌.

 സർവകലാശാല അധികൃതർ ഒരു ദിവസം സൽമാൻ സാറിനോടും നമ്മളോടും നമുക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചില വീടുകൾ പോയി കാണാൻ ആവശ്യപ്പെടുകയും ഒരു വാഹനം നമുക്ക് പോകാനായി തരി കയും ചെയ്തു. വീടിലേക്ക്‌ മാറിയാൽ നമ്മുടെ ആഹാരം നമുക്ക് ഉണ്ടാക്കി കഴിക്കാമല്ലോ എന്ന കാരണം കൊണ്ട് തന്നെ എത്രയും വേഗം വീട്ടിലേയ്ക്ക് മാറാൻ നമുക്ക് രണ്ടു കൂട്ടർക്കും തിടുക്കമായി
.
വാഹനം നമ്മുടെ ഹോട്ടെലിനു മുന്നില് നിന്നു. നമ്മൾ നാല് പേരും അതിൽ കയറി വീട് കാണാനായി യാത്ര തുടങ്ങി. നമ്മുടെ വാഹനത്തിന്റെ സാരഥി ചെറുപ്പക്കാരനായ മിസ്ടർ റ്റടെസ്സെ ആയിരുന്നു. ഭാരതീയരെ ഇഷ്ടപ്പെട്ടിരുന്ന റ്റടെസ്സെയ്ക്ക്  പക്ഷേ  ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയായിരുന്നു. എങ്കിലും കാര്യങ്ങൾ മനസിലാക്കാനും ചില വാക്കുകളും അംഗ്യവും ഒക്കെയായി നമ്മളോട് കാര്യങ്ങൾ പറയാനും അയാൾ താല്പ്പര്യം കാണിച്ചു. നമ്മൾ കാണാൻ പോകുന്ന പുതിയ വീട്‌ സർവകലാശാലയിലെ വൈസ് പ്രസിഡന്റിന്റെ താണെന്നും  ഒരു വീടിനെ  രണ്ടു കൂട്ടർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പണികഴച്ചിരിക്കുകയാണെന്നും റ്റടെസ്സെയിൽ നിന്നും നമുക്ക് മനസിലായി.  നമുക്ക് വളരെ സന്തോഷമായി കാരണം പുതിയ വീടാണല്ലോ കിട്ടാൻ പോകുന്നത്.

വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു റോഡിലേക്ക് റ്റടെസ്സെ വണ്ടി തിരിച്ചു. ലാൻഡ്‌ ക്രൂയി സർ വണ്ടി ആടി ഉലഞ്ഞു ചെന്ന് നീല ചായമടിച്ച ഒരു വീടിന്റെ ഓരം ചേർന്ന് നിന്നു. നമ്മൾ ഇരുകൂട്ടരും വളരെ ആകാംഷയോടെ വണ്ടിയിൽ നിന്നും ഇറങ്ങി. നമ്മുടെ സാരഥി വണ്ടിയിൽ തന്നെ ഇരിക്കുകയാണ്.

പുതിയ ഒരു വീടും സമീപത്തായി അതേ വളപ്പിൽ തന്നെ ചെറിയ ഒരു പണിസ്ഥലം പോലെ തോന്നിക്കുന്ന ഒരു കൂരയും. കൂരക്കു മുന്പിലായി ഒരു നീല  വേഷ ധാരി.  തോളുമുതൽ പാദം വരെ ഇറങ്ങി കിടക്കുന്ന, ഷർട്ടും പാൻറ്സും ഒന്നിച്ചു തുന്നിച്ചേർത്ത പോലെ യുള്ള ഒരു വിചിത്ര വേഷമാണ് അയാൾ ഇട്ടിരിക്കുന്നത്. ഏതോ പണി സ്ഥലത്തെ യൂണിഫോം പോലെ തോന്നുന്ന ഒരു വേഷത്തിനു പുറമേ ചില നസീർ പടങ്ങളിൽ കൊള്ളക്കാരായ വില്ലൻമാർ  ഒരു കണ്ണു മറക്കാൻ ഒരു പ്രത്യേക തുണി മാസ്ക്  ഉപയോഗിച്ച് കണ്ടിട്ടുണ്ടല്ലോ അതുപോലൊരു മാസ്ക് മൂക്കിനു മുൻപിലായി കെട്ടിയിട്ടുമുണ്ട് വിചിത്ര വേഷധാരി.

വിചിത്ര വേഷധാരിയെ ഒന്നു നോക്കിയ ശേഷം നമ്മൾ പതുക്കെ പുതിയ വീട്ടിനുള്ളിലേക്ക് കയറി. എല്ലാ മുറികളും ചുറ്റിക്കണ്ട നമ്മൾ നന്നായി ഞെട്ടി. കാരണം ഗ്യാസ് അടുപ്പ്, ഗ്യാസ് കണക്ഷൻ, പൈപ്പ് സംവിധാനങ്ങൾ, ടോയിലറ്റ് എന്നിവ ഒന്നും പണിപൂർത്തിയായിട്ടില്ല. പോരാത്തതിനു  ചുറ്റുപാടും വളരെ മോശമായ രീതിയിൽ സിമന്റ് കട്ടകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു.വീട്ടിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ ഞാനും കുമാറും മലയാളത്തിൽ "നമ്മൾ ഇവിടെങ്ങനെ താമസിക്കും" എന്നും മറ്റും പറയുന്നുണ്ടായിരുന്നു.

നമുക്ക് പുറകെ മുറ്റത്തേക്കിറങ്ങിയ പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും അതീവ ദുഖിതരായി കാണപ്പെട്ടു. അതിനു കാരണം ആ വീട് താമസയോഗ്യമായിട്ടില്ല എന്നതും വളരെ നാളായി അവർ ഹോട്ടലിൽ താമസിക്കുന്നതും ആയിരുന്നു. നമ്മളെ കണ്ട മാത്രയിൽ പ്രോഫസ്സർ നല്ല ഇംഗ്ലീഷിൽ നാല് കാച്ചങ്ങു കാച്ചി. "ഔര് ഡ്രൈവർ ടോൾഡ്‌ ദാറ്റ്‌ ദിസ് ഹൗസ് ബെലോങ്ങ്സ് റ്റു യുണിവേര്സിടി വൈസ് പ്രസിഡന്റ്‌. സൊ ഐ ഡ്രീംട്  എ ലോട്ട് എബൌട്ട്‌ എ വെരി ഗുഡ് ഹൗസ്. നൗ യു സീ ദി പതെടിക് കണ്ടീഷൻ ഓഫ് ദിസ്‌ ഹൌസ്. ഹൌ വി വിൽ സ്റ്റേ ഹിയർ വിതൗറ്റ് നെസിസ്സരി ഫസിലിടീസ്? ...............................................ഇങ്ങനെ തുടങ്ങിയ അദ്ദേഹത്തോടൊപ്പം ശ്രീമതിയും കൂടെ ചേർന്നു. അവർ പറഞ്ഞു  "വി   വിൽ  ഇൻഫൊം ദിസ്‌ റ്റു  അതോരിട്ടീസ്.............................................................. ."
നമ്മൾ രണ്ടു പേരും അവർ പറഞ്ഞതെല്ലാം കേട്ട് തല കുലുക്കി. കൂടുതലായി ഒന്നും പറയാൻ മനസിലെ നൈരാശ്യം അനുവദിച്ചില്ല.വിചിത്ര വേഷധാരി ഇതെല്ലാം കണ്ടുകൊണ്ട്‌ അവിടെത്തന്നെ നില്പ്പുണ്ട് അപ്പോഴും.  അവിടെ നിന്നും നമ്മൾ മറ്റു രണ്ടു മൂന്നു വീടുകൾ കൂടി കാണാൻ പോയി. ഏതാണ്ട് നേരത്തെ കണ്ടതിലും പരിതാപകരമായിപ്പോയി പിന്നീട് കണ്ടവ. അപ്പൊ നമുക്ക് തോന്നി ആദ്യം കണ്ടതാണ് ഭേദമെന്ന്. എന്തായാലും ആദ്യം കണ്ട വീട് എടുക്കുന്നതാണ് ബുദ്ധിയെന്ന നിലയിൽ ഞങ്ങൾ അക്കാര്യം പിറ്റേന്ന് രാവിലെ വീട്ടുടമസ്ഥനായ അക്കാദമിക് വൈസ് പ്രസിഡന്റിനെ സമീപിച്ച്‌ അറിയിച്ചു. ഒരു നിമിഷം ഒന്ന് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു.
"വൈ യു ഹാവ് ചെയിഞ്ചിട്  യുവർ ഡിസിഷൻ ഓൾ ഓഫ് എ സഡൻ?"  പ്രഫസ്സറുടെ മുഖത്തേക്ക് നോക്കി അദ്ദേഹം തുടർന്നു
"എസ്ടര്ടെ യു വെയർ നോട്ട് ഹാപ്പി വിത്ത്‌ ദി ഫസിലിടീസ് അറ്റ്‌ മൈ ഹോം?"

പ്രഫസ്സർ വിവർണ്ണ മായ മുഖത്തോടെ  ഞങ്ങളുടെ രണ്ടുപേരുടെയും നേരെ സംശയത്തോടെ നോക്കി. ഞങ്ങൾ വല്ലതും റിപ്പോർട്ട്‌ ചെയ്തോ എന്നാണ് അദ്ദേഹത്തിന് സംശയം. അതിനിടയിലും "സർ .......... ആക്ചൊലി ദി കൺസ്ട്രക്ഷൻ ഹാസ്‌ റ്റു  ഫിനിഷ്.... സൊ...... വി .. സോ.... ദി അദർ ഹൗസെസ് ആൾസോ" എന്നൊക്കെ അദ്ദേഹം പറഞ്ഞൊപ്പിച്ചു. 
നമ്മുടെ നിരപരാധിത്വം പ്രഫസ്സരോട് വെളിവാക്കേണ്ടത് എന്റെയും കുമാറിന്റെയും  ബാധ്യത യായി. നമ്മൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല  എന്ന് ഞങ്ങൾ പ്രോഫസ്സരോട് പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ആണ് 
'നിങ്ങൾ വീട് സെലക്ട്‌ ചെയ്തോ?" എന്ന ചോദ്യവുമായി നമ്മുടെ വകുപ്പിലെ സഹപ്രവർ ത്ത കനും സീനിയർ  പ്രഫസ്സറു മായ സുബ്രഹ്മണ്യം  സർ നമ്മുടെ മുന്നിലേക്ക്‌ എത്തിയത്.
"ഇല്ല സർ....... വീടിന്റെ കാര്യം  നമ്മളെ ആകെ കുഴയ്ക്കു ന്നു" ഞാൻ പറഞ്ഞു.

ഞാൻ വന്നു കാണണോ? അദ്ദേഹം ചോദിച്ചു.
 വളരെ വർഷങ്ങളായി എത്യോപ്യ യിൽ താമസിക്കുന്ന അദ്ദേഹം ഒന്ന് വന്നു വീട് കാണുന്നത് നന്നായിരിക്കുമെന്ന് നമുക്ക് തോന്നി.
 അദ്ദേഹത്തിന്റെ ഒരു ഉപദേശവും തേടാമല്ലോ ...

അങ്ങനെ ഞങ്ങൾ നാലുപേരും വീട്  കാണാനായി വീണ്ടും നീല ചായമടിച്ച വീട്ടിലേയ്ക്ക്  പോയി. ഞാനാണ്‌ ആദ്യം വളപ്പിലേക്ക് കയറിയത്.തൊട്ടുപുറകെ മറ്റുള്ളവരും.

നീലവിചിത്ര വേഷധാരി ഇന്നും അവിടെ നിൽപ്പുണ്ട്. പക്ഷേ മുഖത്തെ തുണി മാസ്ക് കാണുന്നില്ല. എന്തോ അണുബാധ ഏറ്റപോലെ അദ്ദേഹത്തിന്റെ ചുണ്ട് തടിച്ചു വല്ലാതെ വീർതിരി പ്പുണ്ട്. സുബ്രഹ്മണ്യം സാറിനെ കണ്ടമാത്രയിൽ  വിചിത്ര വേഷധാരി വളരെ ആഹ്ലാദവാനായി. അമ്മാരിക് എന്ന ഭാഷയിൽ  അദ്ദേഹം സുബ്രഹ്മണ്യം സാറുമായി  സംസാരിക്കുന്നു. കുറച്ചു കഴിഞ്ഞു സുബ്രഹ്മണ്യം സാർ നമ്മളോടൊപ്പം വീട്ടിനുള്ളിലേക്ക് കയറി.
ഒപ്പം അദ്ദേഹം പറഞ്ഞു.
"പുറത്തു നില്ക്കുന്ന ആളാണ് ഷിമിലിസ്, പുള്ളി നമ്മുടെ വൈസ് പ്രസിഡന്റിന്റെ ചേട്ടനാണ്.  സർവകലാശാല യിലെ ഇലക്ട്രീഷ്യനും.  നമ്മൾ രണ്ടും വളരെ ക്ലോസ് ഫ്രൻസാണ്. നിങ്ങൾ ഇന്നലെ... ഈ വീട് മോശമാണ് എന്ന് വല്ലതും മിസ്ടർ ഷിമിലിസിനോട് പറഞ്ഞോ?" 

"ഇല്ല സർ ....നമ്മൾ പരസ്പരം ഈ വീട് മോശമാണ് എന്നൊക്കെ  പറഞ്ഞു ,............. പക്ഷെ  മിസ്ടർ ഷിമിലിസിനോട് സംസാരിക്കാൻ നമുക്ക് ഭാഷ പ്രശ്നമാണല്ലോ........"

സുബ്രഹ്മണ്യം സാർ തുടർന്നു..."ഷിമിലിസിനോട് സംസാരിക്കാൻ നിങ്ങൾക്ക് ഭാഷ ഒരിക്കലും തടസ്സമാകില്ല. എത്യോപ്യൻ അർമിയിൽ സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹം അമേരിക്ക ഉൾപ്പെടെ ഒട്ടനവധി രാജ്യങ്ങൾ സന്ദർശി ച്ചിട്ടുള്ള ഒരാളാണ്. നിങ്ങൾക്ക് എന്തുകൊണ്ടും നല്ല ഒരു അയല്ക്കാരാകും പുള്ളിയും കുടുംബവും. അദ്ദേഹത്തിന് വീട് പുതുക്കി പണിയുന്നത് കൊണ്ട് ആ കാണുന്ന ചെറു കൂരയിലാണ്‌ അവർ ഇപ്പൊ താമസിക്കുന്നത്. ഷിമിലിസിന് ഇംഗ്ലീഷ് ഉൾപ്പെടെ ഒട്ടനവധി ഭാഷകൾ വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും."
ഇത്രയും കേട്ടതും പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയ്ക്കും തല കറങ്ങുന്നത് പോലെ തോന്നിയെന്നാണ് പിന്നീട് അവർ നമ്മളോട് പറഞ്ഞത്. കാരണം തലേ ദിവസം ഈ വിചിത്ര വേഷധാരിയുടെ മുന്നിൽ വച്ചാണ് പ്രോഫസ്സർ സൽമാനും ഭാര്യ ഡോക്ടർ ആയിഷയും 'ഈ വീടിന്റെ പോരായ്മകൾ' എന്ന വിഷയത്തിൽ നമുക്ക് ഒരു ഇംഗ്ലീഷ് സ്റ്റഡി ക്ലാസ്സ്‌ നടത്തിയത്. വിചിത്ര വേഷധാരിയെ അവഗണിച്ചത്തിലെ വൈക്ലബ്യം സൽമാൻ സാറിന്റെ മുഖത്ത് പ്രകടമായിരുന്നു. വൈസ് പ്രസിഡന്റിന്റെ ചോദ്യം നമ്മുടെ മനസ്സിലൂടെ പിന്നോട്ടോടി ഒപ്പം ഒരു ഉത്തരമായി മിസ്ടർ ഷിമിലിസി ന്റെ മുഖം മൂടിയ മുഖവും.

ഒരാളുടെ വേഷത്തിൽ നിന്ന് മാത്രം ആരെയും തിരിച്ചറിയാൻ കഴിയില്ലാ എന്നൊരു വലിയ തിരിച്ചറിവാണ് അന്ന് നമുക്ക് കിട്ടിയത്. ഏറെ തമാശക്കാരനായ മിസ്ടർ ഷിമിലിസ് പിന്നീട് നമുക്ക് ഒരു ഏട്ടനെ പോലെ പ്രിയങ്കരനായിത്തീർന്നു.







5 comments:

saranya said...

Very interesting

Unknown said...

Thank you saranya

ആതിര said...

അത് സംഭവമായിപോയി ......

ആതിര said...

അത് സംഭവമായിപോയി ......

Unknown said...

Thanks Athi