Tuesday, 28 June 2016

ഒരു ലാലിബെല യാത്ര

ലാലിബെല പള്ളികളിൽ ഒരെണ്ണം 


ഞങ്ങൾ  ലാലിബെല പള്ളിയ്ക്കുള്ളിൽ 
ലാലിബെലയിലെ ഭക്തർ ഒരു ആഘോഷ വേളയിൽ (കടപ്പാട് ഗൂഗിൾ) 
എത്യോപ്യ യിൽ ചെലവഴിച്ച നാളുകളിൽ ഫെബ്രുവരി മാസം ഇരുപതു ദിവസം സർവകലാശാല യിൽ സെമസ്റ്റർ ബ്രേക്ക് ഉണ്ടാകാറുണ്ട്. എത്യോപ്യ പോലെ ഒരു രാജ്യത്തെ അടുത്തറിയാനായുള്ള യാത്രകൾക്കായാണ് ഞാനും കുമാറും ഈ സമയം ഉപയോഗിച്ചത്. ഏതാണ്ട് 5000 കിലോമീറ്റർ എങ്കിലും പലപ്പോഴായി റോഡ് മാർഗം നമ്മൾ ഇത്തരം യാത്രകളിൽ താണ്ടിയിട്ടുണ്ട്. എല്ലാ യാത്രകളിലും നമുക്കൊപ്പം ഉണ്ടായിരുന്ന  ഉത്തരേന്ത്യൻ ദമ്പതികളായ Dr. രാഹുലും  Dr. റാണിയും നമ്മുടെ യാത്രകളെ അവരുടെ സാന്നിധ്യവും സഹകരണ മനോഭാവവും കൊണ്ട് മികവുറ്റ അനുഭവങ്ങളാക്കി. എത്യോപ്യയുടെ  സാംസ്കാരിക  തലസ്ഥാനമായിരുന്ന ഗോണ്ടർ പട്ടണം, നൈൽ നദിയുടെ പ്രഭവ സ്ഥാനമായ ടാന തടാകവും ബ്ലൂ നൈൽ വെള്ളച്ചാട്ടവും, ബഹിർദാർ പട്ടണം, കൊച്ചിയിലെ മറൈൻ ഡ്രൈവിന് സമാനമായ ഹവാസ തടാക തീരം, ലംഗാനോ ജിയോതെർമൽ പവർ സ്റ്റേഷൻ, ബാലെ ദേശീയോദ്യാനം, മെൽകാംകുണ്ടുറെ  ആർക്കിയോളജി സൈറ്റ്,  എട്ടിന്റെ ആകൃതിയിലുള്ള അഗ്നിപർവതജന്യ തടാകമായ ഡെൻഡി, മരതക കുന്നിൻമുകളിലെ നീലരത്നം ആയി അറിയപ്പെടുന്ന വെഞ്ചി അഗ്നിപർവത ജന്യ തടാകം, ചിലിമോ വനപ്രദേശം,ലോകത്തെ അപൂർവയിനം സസ്യ ജന്തു വർഗങ്ങളുടെ വിളനിലമായ സിമിയൻ ദേശീയോദ്യാനം, തലസ്ഥാന നഗരിയായ ആഡിസ് അബാബയിലെ പ്രധാന സ്ഥലങ്ങൾ,  തുടങ്ങി ഒട്ടനവധി സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു.

ഇതിനിടയിലാണ് ഒരു യാത്ര ഞങ്ങൾ ലാലിബെല പള്ളികളിലേക്ക് തീരുമാനിച്ചത്. ഒറ്റ ചെങ്കൽ പാറ  ചെത്തി മിനുക്കിയുണ്ടാക്കിയ പതിനൊന്നു മനോഹരമായ  പള്ളികളുടെ ഒരു സമുച്ചയമാണ് ലാലിബെല. പതിനൊന്നും തമ്മിൽ തുരങ്കങ്ങളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്.പതിമൂന്നാം നൂറ്റാണ്ടിൽ 'പുതിയ ജെറുസലേം' എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത്. ലോക പൈതൃകസ്ഥാന  പട്ടികയിൽ 1978 ൽ ത്തന്നെ ഇടം പിടിച്ചതും  എത്യോപ്യൻ ക്രിസ്തു മതത്തിന്റെ ഒരു ആസ്ഥാനവും  കൂടിയാണ് ലാലിബെല പ്രദേശം. നമ്മൾ താമസിക്കുന്ന അംബോയിൽ നിന്നും 850 കിലോമീറ്റർ ദൂരം ആണ് ലാലിബെലയ്ക്കുള്ളത്. അതായത് റോഡുമാർഗം ഏതാണ്ട് 14 മണിക്കൂർ യാത്ര ആവശ്യമാണ്.

നമ്മുടെ സുഹൃത്തുക്കളിൽ നിന്നും ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലായിരുന്നതിനാൽ ലാലിബെല യിൽ എന്തു ത്യാഗം സഹിച്ചും പോയിരിക്കും എന്നു ഞങ്ങൾ നാലു പേരും ദൃഢപ്രതിഞ്ജ യെടുത്തു. ലാലി ബെല വഴി പോയി ബഹിർദാറിൽ ബ്ലൂ നൈലിന്റെ ഉത്ഭവവും കണ്ടു മടങ്ങാം എന്നതാണ് പ്ലാൻ. അങ്ങനെ നമ്മളുടെ യാത്ര ആരംഭിച്ചു.പച്ചപ്പ്‌ നിറഞ്ഞ ടെഫ്‌  കരിമ്പിൻ  പാടങ്ങളുംമറ്റു കൃഷിയിടങ്ങളും താണ്ടി നമ്മുടെ മിനിവാൻ അങ്ങനെ കുതിച്ചു പൊയ്ക്കൊണ്ടിരുന്നു. നീണ്ട കയറ്റിറക്കങ്ങൾ താണ്ടി പോകവേ റോഡ് ഒരു നേർത്ത റിബൺ പോലെ കിലോമീറ്ററുകളോളം നമുക്ക് മുന്നിൽ കാണാൻ കഴിയും. യാത്ര ചെയ്യാനുള്ള ആവേശവും  ഇഷ്ടസുഹൃത്തുക്കളുടെ ഒപ്പം യാത്ര ചെയ്യുന്നതിന്റെ ഉത്സാഹവും നമ്മിൽ പ്രകടമായിരുന്നു.

അങ്ങനെ ഒടുവിൽ ഒരുനീണ്ട യാത്ര അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നു. റോഡിൽ ലാലിബെല എന്ന ബോർഡ് ഇടറോഡിലേക്കു ചൂണ്ടി നിൽപ്പുണ്ട്. നമ്മുടെ വാഹനം ഇടറോഡിലേക്കു തിരിഞ്ഞു.  റോഡ് വല്ലാതെ മോശമായിരിക്കുന്നു.ഡ്രൈവർ അത്ര സന്തോഷവാനല്ല. പക്ഷെ നമുക്ക് ലാലിബെല കാണുക തന്നെ വേണം. വണ്ടി അങ്ങനെ ചെമ്മണ്ണ് പറപ്പിച്ചുകൊണ്ടു ആടിയുലഞ്ഞു മുന്നോട്ട് നീങ്ങി. ഏതാണ്ട് വൈകിട്ടോടു കൂടി ലാലിബെല യിലെത്തിയ ഞങ്ങൾ എത്രയും വേഗം  ഒരു ഹോട്ടലിൽ മുറിയെല്ലാം തരപ്പെടുത്തി,, ആഹാരവും കഴിച്ചു ഉറക്കം പിടിച്ചു. നാലുപേരും നന്നേ ക്ഷീണിച്ചിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ.

പിറ്റേന്നു രാവിലെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞു അതിരാവിലെ തന്നെ ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി. നമ്മളെക്കൂടാതെ പല രാജ്യക്കാരായ ഒട്ടനവധി പേർ ക്യുവിൽ  നിൽപ്പുണ്ട്.  നമ്മൾ നാലും നമ്മുടെ താത്കാലിക റെസിഡന്റ് പെർമിറ്റും (പച്ച കളറുള്ള ഒരു ലാമിനേറ്റഡ് ഐഡി കാർഡാണിത്) കൈയിൽ പിടിച്ചാണ് നിൽപ്പ്. ഒടുവിൽ നമ്മുടെ ഊഴം ആയി. സാധാരണ എല്ലാ ടൂറിസ്ററ് സൈറ്റിലും ഈ കാർഡ് കാണിച്ചാൽ പത്തോ ഇരുപതോ ബിർ അതായത് ഇന്ത്യയിലെ മുപ്പതോ അറുപതോ രൂപക്ക് തുല്യം  ആയിരിക്കുംപ്രവേശനത്തിനു കൊടുക്കേണ്ടി വരിക. പക്ഷേ ലാലിബെലയിൽ രണ്ടു ദിവസം മുൻപ്  പ്രവേശന നിരക്കുകളിൽ വൻ ഭേദഗതി നിലവിൽ വന്നത്രേ. പച്ച കാർഡുള്ളവരെയും  വിദേശി കൾക്ക് തുല്യമായി മാത്രമേ പൗരോഹിത്യ സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള ലാലിബെല ഭരണസമിതി കാണുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ നമ്മൾ ഓരോരുത്തരും 50 അമേരിക്കൻ ഡോളർ അതായത് അന്ന് ഏതാണ്ട് 3000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുക പ്രവേശന തുകയായി നൽകണം. ഇതുകേട്ട നമ്മൾ എല്ലാരും ഞെട്ടി. അത്രയും വലിയ തുക ചെലവാക്കിയാൽ അതു യാത്രയുടെ ബാക്കി പകുതിയെ വളരെ സാരമായ സാമ്പത്തിക ബുദ്ധിമുട്ടിലാക്കും. ഞങ്ങൾ പോയിട്ടുള്ള മറ്റെല്ലാ സ്ഥലങ്ങളിലും ഗ്രീൻകാർഡിനു വിദേശികൾക്കും സ്വദേശികൾക്കും ഈടാക്കുന്നതിന് ഇടയിലുള്ള ഒരു ആവറേജ് ചാർജ് ആണ് ഈടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരു തിരിച്ചടി നമ്മൾ തീരെ പ്രതീക്ഷിച്ചില്ല. Dr. രാഹുൽ കൗണ്ടറിൽ ഇരുന്ന ആളോട് നമ്മൾ സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളുടെ ഒരു നീണ്ട ലിസ്റ്റും അവിടെ ഗ്രീൻ കാർഡിന് അവർ ചാർജ് ചെയ്ത ഇളവ് തുകകളും മറ്റും ഒന്നു വിശദീകരിച്ചു. അതിഷ്ടപ്പെടാത്ത കൗണ്ടറിലെ ആൾ പറഞ്ഞു.

 "പ്ളീസ് ഡോൺഡ് ആർഗ്യു  വിത് മീ...... ഐ ആം ഹെൽപ്‌ലെസ്സ്...... ആൻഡ് ദിസ് ഈസ്  ദ ഓർഡർ ഐ ഗോട്ട് ഫ്രം മൈ ബോസ്സ്..... പ്ളീസ് അണ്ടർസ്റ്റാൻഡ്".
അതോടെ Dr. രാഹുൽ ക്യുവിൽ നിന്നും മെല്ലെ വെളിയിലേക്കു വന്നു. നമ്മൾ മൂന്നു പേരും അതിനു മുൻപേ വെളിയിലേക്കു വന്നു കഴിഞ്ഞിരുന്നു. നമ്മുടെ ഈ പരവേശം കണ്ടു നിന്ന കുറച്ചു വെള്ളക്കാർ  നമുക്ക് സമീപത്തായി നിൽപ്പുണ്ടായിരുന്നു. അതിലൊരാൾ നമ്മെ ആശ്വസിപ്പിക്കാനെന്നോണമോ സ്വയം ആശ്വസിക്കാനോ നമ്മോടു വളരെ സൗഹാർദപരമായി എന്നാൽ പൗരോഹിത്യ സമൂഹത്തിന്റെ നടപടിയെ വളരെ പരുഷമായി വിമർശിച്ചുകൊണ്ട് നമ്മോടു പറഞ്ഞു.

 "സീ ദീസ് റിലീജിയസ് പീപ്പിൾ ഡോണ്ട് നോ ഹൗ ടു ട്രീറ്റ്  ഫോറിൻ ടൂറിസ്റ്റ്സ്   ആൻഡ് ദേ ആർ ട്രയിങ് ടു കീപ് പീപ്പിൾ എവേ ഫ്രം ദിസ് ബ്യൂട്ടിഫുൾ സൈറ്റ്..... വി ആർ ആൾസോ ഇൻ സൈം കണ്ടീഷൻ ലൈക്ക് യൂ......... വി ആർ വർക്കിങ് ഹിയർ ഫോർ മെനി ഇയേഴ്സ് ആൻഡ് വി ആർ ഹാവിങ് ഗ്രീൻ കാർഡ്സ് ......................................... ഹൗ എ  വിസിറ്റർ വിൽ പെ ദിസ് മ ച് ഹ്യൂജ് എമൗണ്ട് ആസ് എൻട്രൻസ് ഫീ?...."

എന്തായാലും നമുക്ക് കുറച്ചു ആശ്വാസം തോന്നി കാരണം തുല്യ ദുഖിതർ വേറെയുമുണ്ടല്ലോ. ഇരുപതോ മുപ്പതോ പേർ വരുന്നതിൽ ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് ടിക്കറ്റ് എടുക്കുന്നത്.ബാക്കിയുള്ളവർ പരിസരത്തൊക്കെ ചുറ്റി കറങ്ങി നടപ്പാണ്.ഇനിയെന്ത് എന്നൊരു ചോദ്യം നമ്മുടെ നാലുപേരുടെയും ഉള്ളിൽ ഉയർന്നത് അപ്പോഴാണ്. നമ്മുടെ യാത്രാപരിപാടി അനുസരിച്ചു അന്ന് ലാലിബെലയിൽ    തങ്ങിയേ പറ്റൂ. ടിക്കറ്റ് എടുക്കാൻ നിർവാഹമില്ല എന്നാൽ ലാലിബെല കാണാതെ തരവുമില്ല എന്നൊരു അവസ്ഥയിലായി നമ്മൾ. എന്തായാലും ടിക്കറ്റില്ലാതെ ഒരുശ്രമം നടത്താം എന്നു തീരുമാനിച്ചു. കുറച്ചുനേരം കൂടി ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു നിന്ന ശേഷം നമ്മൾ പതുക്കെ പുറത്തിറങ്ങി ഒരു പ്രദക്ഷിണം വച്ചു. പല പല വഴികളിലൂടെ സന്യാസ സമൂഹം ഉൾപ്പെടെയുള്ളവർ അകത്തേക്കും പുറത്തേക്കും പൊയ്ക്കൊണ്ടിരുന്നു. കൂട്ടത്തിൽ തിരക്കൊഴിഞ്ഞ ഒരു ചെറുതുരങ്കവഴിയിലായി നമ്മുടെ ശ്രദ്ധ. നമ്മൾ പതുക്കെ അതിലൂടെ അകത്തേക്ക് കയറി. ഒറ്റചെങ്കല്ലിൽ  നിർമ്മിതമായ അതിമനോഹരമായ ഒരു പള്ളി സമുച്ചയം നമ്മുടെ മുന്നിൽ അനാവൃതമായി നിന്നു.
നമ്മൾ വളരെ അത്ഭുതത്തോടെ കുറച്ചു നേരം അതു നോക്കി നിന്നു. വാസ്തുശില്പകലയുടെ ഒരു മകുടോദാഹരണമാണ് ലാലിബെല പള്ളി സമുച്ചയം എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ. ചെങ്കല്ലിന്റെ ശോഭയിലും ഉറപ്പിലും പണിത ചെറു കിളിവാതിലുകളും വലിയ പുറംവാതിലുകളും നടുത്തളങ്ങളും നിറഞ്ഞ  വിസ്മയകരമായ ഒരു നിർമ്മിതി....... അവിടെ നടന്നു നീങ്ങുന്ന പ്രത്യേക വേഷം ധരിച്ച പുരോഹിതന്മാർ.... വെള്ള വേഷം ധരിച്ചു തറയിൽ നമ്രശിരസ്കരായി ഇരുന്നു പ്രാർത്ഥിക്കുന്ന വിശേഷിച്ചും പ്രായം ചെന്ന ഭക്തർ....... പ്രത്യക രീതിയിലെ കൊത്തളങ്ങൾ ....... ഉള്ളിൽ അത്ഭുതവും ചെറു ഭയവും ഒരുമിച്ചു പൊങ്ങി വന്ന നിമിഷങ്ങളായിരുന്നു അത് . ചെറുഭയം ഞാൻ പറയാതെ തന്നെ നിങ്ങൾക്കു മനസിലായിരിക്കുമല്ലോ...അതേ............ അതു തന്നെ............... ടിക്കറ്റില്ലാതെ ഒരു അന്യഭൂഖണ്ഡത്തിൽ..... അന്യ രാജ്യത്ത്.....അതും ശിക്ഷാവിധികൾ നമ്മുടേതിൽ നിന്നും തുലോം വ്യത്യസ്‌തമായ ഒരു ഭൂപ്രദേശത്തിന്റെ നിയമങ്ങൾ കാറ്റിൽ പറത്തി നിന്നാണ് നാം വിസ്മയം ആസ്വദിക്കുന്നത്.........................
 ആ തിരിച്ചറിവിൽ അവിടെ നിന്നു പുറംതിരിയാനാരംഭിച്ച ഞാൻ എവിടെയോ കണ്ട ഒരു പരിചിത മുഖം കണ്ട് ഒന്നു തിരിഞ്ഞു നോക്കി.  ക്യാമറയും പിടിച്ചു് എന്നെ കടന്നു പള്ളിക്കു പുറത്തേക്കു പോകുന്ന അയാൾഎന്നെ കണ്ടതും പരിചയ ഭാവത്തിൽ ഒരു ചെറുചിരിയും ഒപ്പം 'വൗ .......യൂ ആർ ആൾസോ ഹിയർ....... 'എന്നൊരു ചോദ്യവും......
 ആളു മനസിലായോ?...... നേരത്തെ നമ്മോടു സൗഹൃദത്തിൽ സംസാരിച്ച അതേ വെള്ളക്കാരൻ!!!!!!!!!!!!!!!!!.
നോക്കണേ മനുഷ്യരെ ടിക്കറ്റില്ലാതെ ഓരോരോ കൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഓരോരോ ഭരണകൂടങ്ങൾ.ഞാൻ മനസ്സിൽ വിചാരിച്ചുകൊണ്ട് വേഗം വെളിയിലേക്കു നടന്നു.ഒപ്പം  ഇതൊന്നും അറിയാത്ത ജീസസ് ക്രൈസ്റ്റിനെ  മനസ്സാസ്മരിച്ചു. ദൈവത്തെക്കാൾ വലിയ പുരോഹിതരായാൽ ഇതാണ് സംഭവിക്കുക എന്നു എനിക്കു വെളിവായ ഒരു ചെറു സംഭവമായി ഇപ്പറഞ്ഞത്.





1 comment:

Unknown said...

very nice description. Yes we cannot forget the Lalibela experience. :-)